para
മുല്ലക്കര രത്‌നാകരൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള നിയമസഭാ സമിതി ഐരാപുരത്തെ പാറമട സന്ദർശിക്കുന്നു

കോലഞ്ചേരി: ക്വാറികളുടെയും പാറമടകളുടെയും പ്രവർത്തനങ്ങളെ കുറിച്ച് പഠനം നടത്തുന്ന നിയമസഭാ സമിതി മഴുവന്നൂർ പഞ്ചായത്തിലെ ഐരാപുരത്തെ പാറമട സന്ദർശിച്ചു. കളക്ടറേ​റ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന തെളിവെടുപ്പിന് ശേഷമാണ് ചെയർമാൻ മുല്ലക്കര രത്‌നാകരൻ എം.എൽ.എയുടെ നേതൃത്വത്തിൽ പാറമട സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തിയത്. നടത്തിപ്പുകാരുമായും ജീവനക്കാരുമായും സംസാരിച്ചു. എം.വിൻസൻറ് ,കെ.ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു. നിർമ്മാണമേഖല സ്തംഭിക്കാതെയും പരിസ്ഥിതിയെ ബാധിക്കാതെയും പാറമടകളും ക്വാറികളും പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോർട്ടാണ് നിയമസഭാ സമിതി തയ്യാറാക്കുന്നത്. മൂന്ന് ജില്ലകളിൽ കൂടി തെളിവെടുപ്പ് നടത്തിയ ശേഷം അടുത്ത നിയമസഭാ സമ്മേളനത്തിൽ റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കാനാണ് ശ്രമമെന്ന് സമിതി ചെയർമാൻ മുല്ലക്കര രത്‌നാകരൻ എം.എൽ.എ പറഞ്ഞു.