കളമശേരി: മിൽമയുടെ വളർച്ചയിൽ നിർണായക സാന്നിധ്യമായി 35 വർഷം നിലകൊണ്ട ഡോ: എം മുരളീധരദാസ് ഇന്ന് വിരമിക്കുന്നു. 1985 ജനുവരിയിൽ മിൽമയുടെ വെറ്ററിനറി ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച മുരളീധരൻ മാനേജിംഗ് ഡയറക്ടർ പദവിയിൽ നിന്നാണ് പടിയിറങ്ങുന്നത്.
1996ലെ ഗുജറാത്തിലെ ആനന്ദിലെ പ്രശസ്ത സ്ഥാപനമായ ഐ.ആർ.എം.എയിൽ നിന്ന് മാനേജ്മെൻറിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ നേടിയ ശേഷം ദീർഘകാലം മിൽമയിൽ മാർക്കറ്റിംഗ് വിഭാഗത്തിൽ പ്രവർത്തിച്ചു. മിൽമ എറണാകുളം യൂണിറ്റിന്റെ പി.ഐ വിഭാഗം മേധാവി, മാർക്കറ്റിംഗ് വിഭാഗം മേധാവി എന്നീ പദവികൾ വഹിച്ച ശേഷം 2017 ജൂണിലാണ് മാനേജിംഗ് ഡയറക്ടറായത്.
വൈക്കം ആശ്രമം വി.എച്ച് എസ്.സി. സ്കൂളിലെ അദ്ധ്യാപിക ടി.ഹേനയാണ് ഏറ്റുമാനൂർ സ്വദേശിയായ മുരളീധരദാസിന്റെ ഭാര്യ. മക്കൾ: നിതിൻ എം.ദാസ് (സോഫ്റ്റ്‌വെയർ എൻജിനിയർ ബംഗളുരു), ജിതിൻ എം.ദാസ് (സോഫ്റ്റ്‌വെയർ എൻജിനിയർ തിരുവനന്തപുരം ടെക്നോപാർക്ക് ). മരുമകൾ: ഗോപിക ബാബു (സോഫ്റ്റ്‌വെയർ എൻജിനിയർ ബംഗളുരു).