കൊച്ചി : കച്ചേരിപ്പടിയിൽ നിന്ന് ചിറ്റൂരിലേക്കുള്ള യാത്രാദുരിതത്തിന് ശമനമില്ല. കുണ്ടും കുഴിയും പൂർണമായി അടയ്ക്കാത്ത വീതി കുറഞ്ഞ റോഡും വാഹനങ്ങളുടെ പെരുപ്പവും മൂലം യാത്രാ കഠിനമാണ്. ആരംഭിച്ച പണികൾ പൂർത്തിയാക്കിയിട്ടുമില്ല.
റോഡിലെ അറ്റകുറ്റപ്പണികൾ പാതിവഴിയിൽ ഉപേക്ഷിച്ചതിന് നഗരസഭയ്ക്കെതിരെ ഹെെക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായാണ് പ്രതികരിച്ചത്. ചിറ്റൂർ റോഡിലെ ചില കാഴ്കളിലൂടെ.
# ഡി പോൾ അബ്രാവോ
പലയിടങ്ങളിലായി വലിയ എട്ടോളം കുഴികൾ. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷക്കാർക്കും ഇതുണ്ടാക്കുന്ന ദുരിതത്തിന് കണക്കില്ല.
# പാതാളം ജംഗ്ഷൻ
റോഡിലെ കുഴികൾക്ക് രണ്ടു വർഷമായി ശാപമോക്ഷമില്ല. 300 മീറ്ററോളം ഭാഗം ഗതാഗതയോഗ്യമല്ലാതായി. പൊടിശല്യം രൂക്ഷം. വാഹനങ്ങൾ നിരങ്ങി വേണം സഞ്ചരിക്കാൻ.
# വടുതല പാലം
ചിറ്റൂർ വടുതല പാലം അപ്രോച്ച് റോഡിന്റെ വശങ്ങളിൽ ഇരുവശത്തും വലിയ ചാക്കുകളിലും പ്ളാസ്റ്റിക് ബാഗുകളിലും നിറച്ചാണ് മാലിന്യം ദിനം പ്രതി തള്ളുന്നത്.
റോഡിന്റെ വശങ്ങളിൽ കുഴികൾ നിരവധി. അപ്രോച്ച് റോഡിലും മണ്ണിടിഞ്ഞ് വലിയ കുഴികൾ. റോഡ് അപകടാവസ്ഥയിലായതോടെ നാട്ടുകാർ കുഴിക്കുള്ളിൽ മരച്ചില്ലകളും ചെടികളും നിറച്ചു. കുഴികൾ താത്ക്കാലികമായി കഴിഞ്ഞ ദിവസം അടച്ചെങ്കിലും വീണ്ടും മാലിന്യം നിറയുന്നു.
മാലിന്യം ഒഴിവാക്കണം
വടുതല പാലം അപ്രോച്ച് റോഡിൽ മാലിന്യങ്ങൾ തള്ളുന്നത് ഒഴിവാക്കുന്നതിനൊപ്പം റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്യണം. റോഡ് ഇടിയുന്നതു ശ്രദ്ധയിൽപ്പെടുത്തിയിട്ടും പൊതുമരാമത്ത് വകുപ്പ് ഗൗരവമായി എടുക്കുന്നില്ല.
ഒ.പി. സുനിൽ
നഗരസഭാ കൗൺസിലർ
പഴിചാരൽ നിറുത്തണം
നഗരസഭയും പി.ഡബ്ളിയു.ഡിയും പരസ്പരം പഴിചാരാതെ റോഡ് പൂർണമായി അറ്റകുറ്റപ്പണി നടത്തണം. ഇന്ധന നഷ്ടം മാത്രമല്ല, സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു. വഴി താറുമാറായതോടെ ഓട്ടമില്ലാതെയായി.
എ.എ. പുഷ്കരൻ
ഓട്ടോഡ്രെെവർ
പൊടിശല്യം രൂക്ഷം
റോഡ് തകർന്നതോടെ പാതാളം ഭാഗം മുഴുവൻ പൊടിശല്യം രൂക്ഷമായി. കച്ചവടം ചെയ്യാൻ പോലും നിവൃത്തിയില്ല.
ഉണ്ണിക്കൃഷ്ണൻ
വ്യാപാരി.