shane

കൊച്ചി: നടൻ ഷെയ്ൻ നിഗത്തിനെതിരെ നിർമ്മാതാക്കളുടെ സംഘടനയുടെ വിലക്ക് മലയാള സിനിമാരംഗത്തെ വീണ്ടും സംഘർഷഭരി​തമാക്കി​. വി​ലക്കി​നെ ന്യായീകരി​ച്ചും ചോദ്യം ചെയ്തും വ്യക്തി​കളും സംഘടനകളും രംഗത്തുവന്നു. പ്രമുഖ നടന്റെ പിന്തുണയോടെ പ്രശ്നപരിഹാര നീക്കങ്ങളും സജീവമായി​. ഷെയ്‌നിന്റെ അമ്മയും സുഹൃത്തുക്കളുമാണ് മുൻകൈയെടുക്കുന്നത്.

പരാതി ലഭിക്കാത്തതിനാൽ തത്കാലം ഇടപെടേണ്ടെന്ന നിലപാടിലാണ് താരസംഘടന അമ്മ.

അതേസമയം സിനിമയിൽ നിന്ന് പൂർണമായി ഷെ‌യ്‌നിനെ വിലക്കാൻ കഴിയില്ല. സംഘടനാ അംഗമായ പല നിർമ്മാതാക്കളും ഷെയ്‌നിനെ നായകനാക്കി സിനിമയ്ക്ക് അഡ്വാൻസ് തുക നൽകുകയും മുന്നൊരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പണം നഷ്ടപ്പെടുത്താൻ തയ്യാറല്ലെന്നാണ് ഇവരുടെ നിലപാട്.

വെയിൽ, കുർബാനി എന്നീ മുടങ്ങിയ സിനിമകൾ ഉപേക്ഷിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചതിലും എതിർപ്പുയർന്നു. വെയിൽ തന്റെ ആറു വർഷത്തെ സ്വപ്നമാണെന്നും 85 ശതമാനം ചിത്രീകരണം പൂർത്തീകരിച്ച സിനിമ ഉപേക്ഷിക്കരുതെന്നും സംവിധായകൻ ശരത് മേനോൻ പറയുന്നു. ചിത്രം പൂർത്തിയാക്കി നൽകാൻ തയ്യാറാണെന്ന് ഷെയ്നും വ്യക്തമാക്കി​യി​ട്ടുണ്ട്. വടക്കേ ഇ​ന്ത്യയിൽ യാത്രയിലാണ് ഇപ്പോൾ ഷെയ്ൻ. വിലക്ക് വന്നതിന്റെ തൊട്ടുപിന്നാലെയാണ് ഡൽഹിയിലേക്ക് തിരിച്ചത്. ഇന്നലെ രാവിലെ അജ്മീറി​ലെത്തി​. വിവാദം തന്നെ ബാധിക്കുന്നില്ലെന്നാണ് ഷെയിൻ പറയുന്നത്.

വെയി​ലി​ന്റെ ചി​ത്രീകരണത്തി​നി​ടെയാണ് ഷെയ്‌നും നി​ർമ്മാതാവും തമ്മി​ൽ അഭി​പ്രായഭി​ന്നത രൂക്ഷമായത്. തർക്കം ചർച്ചയി​ലൂടെ പരി​ഹരി​ച്ചെങ്കി​ലും ഷൂട്ടിംഗ് അവസാനഘട്ടത്തി​ലെത്തി​യപ്പോൾ ഷെയ്ൻ മുടിയും താടിയും​ വടി​ച്ചത് പുതി​യ പ്രശ്നങ്ങൾക്ക് തീകൊളുത്തി​.

'സിനിമാമേഖലയിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന ആരോപണം അന്വേഷിക്കും. ആരോപണത്തിന് അടിസ്ഥാനമായ തെളിവ് കൊടുക്കണം'

-മന്ത്രി എ.കെ. ബാലൻ

'അതിവൈകാരികമായ നിലപാടാണ് നിർമ്മാതാക്കളുടേത്. സെറ്റുകളിൽ മയക്കുമരുന്ന് പരിശോധന പ്രായോഗികമല്ല. ഷെയ്‌നിന്റെ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കണം'.

-ബി. ഉണ്ണിക്കൃഷ്ണൻ

ഫെഫ്‌ക ജനറൽ സെക്രട്ടറി

എന്റെ സിനിമയിൽ ഷെയ്‌നിനെ അസിസ്റ്റന്റ് ആക്കും. ഒരു വർഷം കഴിഞ്ഞ് ചെയ്യാനിരിക്കുന്ന സിനിമയിൽ നായകനുമാക്കും. സംഘടനയുടെ വിലക്ക് കേട്ട് നായകനെ മാറ്റാനാവില്ല. വിഷയം വിവാദമാക്കാതെ ചർച്ച ചെയ്ത് പരിഹരിക്കണം.

-രാജീവ് രവി

സംവിധായകൻ

'ഷെയ്‌നിന്റെ പരാതി ലഭിച്ചാൽ അമ്മ വിഷയത്തിൽ ഇടപെടും. അന്ന് സംസാരിച്ചതിന് ശേഷം പിന്നെ ഷെയിൻ പ്രശ്നങ്ങളൊന്നും അറിയിച്ചിട്ടില്ല. തൊഴിൽ വിലക്കാനുള്ള സാഹചര്യം ഉണ്ടാക്കില്ല.'

-ഇടവേള ബാബു

ജനറൽ സെക്രട്ടറി

അമ്മ