# പ്രശ്നം പരിഹരിച്ചിട്ട് ബോണറ്റ് നമ്പർ വിതരണം
# പട്ടികയുടെ കരട് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തണം
# കോ ഓർഡിനേഷൻ കമ്മിറ്റി നിർദ്ദേശിക്കാത്ത സ്റ്റാൻഡ് ഒഴിക്കണം
# അനധികൃത പണപ്പിരിവ് അവസാനിപ്പിക്കണം
# പരാതികൾ പരിശോധിക്കാൻ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി
ആലുവ: അപാകതകൾ പൂർണമായി പരിഹരിച്ചശേഷമേ ആലുവ നഗരത്തിലെ ഓട്ടോറിക്ഷകളുടെ ബോണറ്റ് നമ്പർ വിതരണം പുനരാരംഭിക്കൂവെന്ന് എ.എസ്.പി എം.ജെ. സോജൻ ഉറപ്പുനൽകിയതായി യൂണിയൻ നേതാക്കൾ അറിയിച്ചു. വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ രൂപീകരിച്ച കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ എ.എസ്.പിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
2016ൽ കോ ഓർഡിനേഷൻ കമ്മിറ്റി 34 സ്റ്റാന്റുകളിലായി 1013 പേരുടെ പട്ടികയാണ്തയ്യാറാക്കി ട്രാഫിക്ക് പൊലീസിന് നൽകിയത്. ഇത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അംഗീകരിച്ച ശേഷം കരട് ലിസ്റ്റ് കോ ഓർഡിനേഷൻ കമ്മിറ്റിക്ക് നൽകണമെന്നായിരുന്നു തീരുമാനം.
എന്നാൽ തീരുമാനത്തിന് വിരുദ്ധമായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അംഗീകരിച്ച പട്ടിക ട്രാഫിക് പൊലീസിന് കൈമാറിയശേഷം വിതരണം ചെയ്യുകയായിരുന്നു. ഇതിനിടയിൽ 34 സ്റ്റാൻഡ് എന്നത് 35 ആയി ഉയരുകയും 1013 തൊഴിലാളികൾ എന്നത് 841 ആയി കുറയുകയുമായിരുന്നു. കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ഭാഗമല്ലാത്ത ആരുടെയോ അവിഹിതമായ ഇടപെടലാണ് കാരണം. അതിന് ട്രാഫിക് പൊലീസും കൂട്ടുനിന്നതായി കോർഡിനേഷൻ കമ്മിറ്റി ആരോപിക്കുന്നു.
മുൻ തീരുമാനം അനുസരിച്ച് ബോണറ്റ് നമ്പറിന്റെ സ്റ്റിക്കർ തയ്യാറാക്കുന്നതിനും തൊഴിലാളികൾക്ക് ട്രാഫിക് പൊലീസ് അംഗീകരിച്ച ഐ.ഡി കാർഡ് നൽകുന്നതിനുമായി തൊഴിലാളികളിൽ നിന്ന് 100 രൂപ വീതം ശേഖരിച്ചിരുന്നു. ഈ തുക കോ ഓർഡിനേഷൻ കമ്മിറ്റിയുടെ കൈവശമിരിക്കെ തൊഴിലാളികളിൽ നിന്ന് ട്രാഫിക് പൊലീസ് 50 രൂപ വീതം സ്റ്റിക്കറിനായി ശേഖരിക്കാനും ബോണറ്റ് നമ്പർ വിതരണം ജനകീയ ഉദ്ഘാടനത്തോടെ നടത്താനും നിശ്ചയിച്ചിരുന്നു.
കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.ഐ. കുഞ്ഞുമോൻ (സി.ഐ.ടി.യു), ജനറൽ കൺവീനർ ആനന്ദ് ജോർജ് (ഐ.എൻ.ടി.യു.സി), രജ്ഞിത്ത്കുമാർ (ബി.എം.എസ്), സി.വി. അനിൽ (എ.ഐ.ടി.യു.സി), ടി.എം. ഷെരീഫ് (എസ്.ടി.യു), ബ്രൈറ്റ് (സി.ഐ.ടി.യു) എന്നിവരാണ് നിവേദകസംഘത്തിൽ ഉണ്ടായിരുന്നത്.