കോലഞ്ചേരി: ഹോട്ടൽ ഉൗണിന് ആവോളം സാമ്പാർ കിട്ടുന്ന കാലം അസ്തമിക്കുന്നു. പച്ചക്കറിവില കത്തിക്കയറിയതോടെ
സാമ്പാർ രണ്ടാമതും വിളമ്പാൻ പണം വാങ്ങിത്തുടങ്ങി ഹോട്ടലുകൾ. പത്ത് രൂപയെങ്കിലും ലഭിക്കാതെ സാമ്പാർ നല്കാനാവില്ലെന്ന നിലപാടിലാണ് കിഴക്കൻ പ്രദേശത്തെ ഹോട്ടലുകളിൽ പലതും. രണ്ടാമത് ചോറിൽ ഒഴിക്കാതെ പാത്രത്തിലാണ് സാമ്പാർ നൽകുക.
സാമ്പാറിലെ അവിഭാജ്യഘടകങ്ങളായ ഉള്ളി, സവാള, മുരിങ്ങക്കായ തുടങ്ങിയവയ്ക്ക് പൊള്ളുന്ന വിലയാണ്. സവാള 105 ലും,ചെറിയ ഉള്ളി 150 ലും, വെളുത്തുള്ളി 200 ലുമെത്തി. വിലയിൽ റെക്കോഡിട്ട് മുന്നേറുന്നത് മുരിങ്ങക്കായാണ് വില ട്രിപ്പിൾ സെഞ്ച്വറിയടിച്ച് 300 കടന്നു. പകരം വയ്ക്കാൻ മറ്റൊന്നില്ലാത്തതിനാൽ സവാള ഉപേക്ഷിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇറക്കു മതി ഉള്ളിക്ക് ഗുണം കുറവാണെന്ന് ഹോട്ടലുകാർ പറയുന്നു.
ജനുവരി ആദ്യ വാരത്തോടെ വില കുറയുമെന്നാണ് ഇപ്പോഴുള്ള സൂചനകളെന്ന് മൊത്ത വ്യാപാരികൾ വ്യക്തമാക്കി. കർണ്ണാടകയിൽ വില കുറച്ച് നല്കാൻ കച്ചവടക്കാർ തയ്യാറുണ്ടെങ്കിലും ഇടനിലക്കാരുടെ ഭീഷണിയിൽ നടക്കുന്നില്ല. മണ്ഡലകാലത്ത് പച്ചക്കറി ഉപഭോഗം കൂടിയതും വിലക്കയറ്റത്തിന് കാരണമാണ്.
പച്ചക്കറി വില നോക്കുമ്പോൾ ചിക്കന് കഷ്ടകാലമാണ്. വില 110 ൽ തന്നെ നിൽക്കുകയാണ്. മീനിനും കാര്യമായ വിലക്കൂടുതലില്ല. ചാള 110 , കൊഴുവ 100, ചെമ്പല്ലി 140, ഐല 140 കേര 270.
പച്ചക്കറി വില
പാവയ്ക്ക 50
വെണ്ടയ്ക്ക 40
ക്യാരറ്റ് 55
ബീറ്റ് റൂട്ട് 40
കാബേജ് 40
മാങ്ങ 80
പച്ച മുളക് 40
തക്കാളി 35
ബീൻസ് 40
ഇഞ്ചി 90
ഏത്തക്കായ 40
പയർ 40
ഉരുള ക്കിഴങ്ങ് 35
കോവയ്ക്ക 40
കുമ്പളം, ചേന, വെള്ളരി, ചുരയ്ക്ക 20-25