കാലടി: ശബരിമല തീർത്ഥാടനപാതയിലെ ഇടത്താവളമായ കാലടിയിൽ അയ്യപ്പഭക്തർക്ക് ദുരിതപരമ്പര. ശൗചാലയം, പാർക്കിംഗ് എന്നിവ ഗ്രാമ പഞ്ചായത്ത് കരാറുകാർക്ക് ലേലം ചെയ്ത് നൽകിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഒരുക്കിയിട്ടില്ലാത്ത ഇവിടെ എത്തുന്ന തീർത്ഥാടകർ അമിതതുക നൽകേണ്ടിവരുന്നതായി പരാതിയുണ്ട്. കുളിക്കുന്നതിനും വസ്ത്രം മാറുന്നതിനും ഇവിടെ സൗകര്യമില്ല. ശൗചാലയങ്ങളുടെ സ്ഥിതിയും മോശമാണ്. ജലദൗർലഭ്യം മൂലംവാഹനത്തിൽ വെള്ളം എത്തിച്ചാണ് പ്രാഥമികാവശ്യങ്ങൾ നടത്തുന്നത്. ഇതിനിടെ സെപ്റ്റിക് ടാങ്കിന്റെ പുറകുവശം മലിനജലം ഒഴുകി വൃത്തികേടായി കിടക്കുന്നു. ഒരു വാഹനത്തിൽ എത്തുന്ന സംഘം മണിക്കൂറോളം കാത്ത് നിന്നാണ് പ്രാഥമികകൃത്യങ്ങൾ നിർവഹിക്കുന്നത്. വയോധികരായ അയ്യപ്പഭക്തകൾക്ക് സുരക്ഷിതമായി ഒരിടംപോലും പഞ്ചായത്ത് ഇവിടെ ഒരുക്കിയിട്ടില്ല. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ള വിശ്രമകേന്ദ്രം മാത്രമാണ് ഒരാശ്വാസം. ഇതിനിടെ വാഹന പാർക്കിംഗിന് അമിതതുക ഈടാക്കുന്നതായും പരാതി ഉയർന്നിരുന്നു. തുടർന്ന് പഞ്ചായത്ത് ഇടപ്പെട്ട് തുക നിശ്ചയിച്ച് നടപ്പിലാക്കുകയായിരുന്നു.