കൊച്ചി: നിയമപരിഷ്‌കരണ കമ്മിഷൻ ശുപാർശ ചെയ്ത ചർച്ച് ആക്ട് നടപ്പാക്കുന്നതിനെച്ചൊല്ലി ക്രൈസ്തവസഭകൾക്കിടയിൽ ആശങ്കയും പ്രതിഷേധവും ഭിന്നതയും രൂക്ഷം. യാക്കോബായസഭ ആക്ടിനെ അനുകൂലിച്ചതോടെ എതിർപ്പുമായി കത്തോലിക്കാസഭ രംഗത്തിറങ്ങി. സഭയിലെ നവീകരണ പ്രസ്ഥാനങ്ങൾ ആക്ട് നടപ്പാക്കാൻ നേരത്തേ തന്നെ രംഗത്തുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആക്ട് ചർച്ചയായെങ്കിലും നടപ്പാക്കാൻ താല്പര്യമില്ലെന്ന് ഇരുമുന്നണികളും വ്യക്തമാക്കിയിരുന്നു.

സഭാതർക്കം സുപ്രീം കോടതിയിൽ പര്യവസാനിച്ച് പള്ളികളും സ്ഥാപനങ്ങളും ഓർത്തഡോക്‌സ് സഭയുടെ പക്കലേക്ക് പോയതോടെയാണ് യാക്കോബായസഭ ചർച്ച് ആക്ടിനെ അനുകൂലിച്ചത്. ചർച്ച് ആക്ട് നടപ്പായിരുന്നെങ്കിൽ തങ്ങളുടെ കൈവശമുണ്ടായിരുന്ന പള്ളികളും സ്വത്തുക്കളും സ്ഥാപനങ്ങളും നിലനിറുത്താൻ കഴിയുമായിരുന്നെന്ന നിയമോപദേശം ഇവർക്ക് ലഭിച്ചിട്ടുണ്ട്. യാക്കോബായസഭയുടെ ആവശ്യം മറ്റു സഭകളെയും സമ്മർദ്ദത്തിലാക്കി.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സർക്കാർ ആക്ട് നടപ്പാകില്ലെന്ന പ്രതീക്ഷയിലാണ് സഭാ നേതൃത്വങ്ങൾ.

നിലപാടുകൾ

# സീറോ മലബാർ സഭ

ചർച്ച് ആക്ട് ആവശ്യത്തിന് പിന്നിൽ സഭാ വിരുദ്ധരും നിക്ഷിപ്ത താത്പര്യക്കാരുമാണ്. സഭകളിലെ ഐക്യവും ഭദ്രതയും ഇത് തകർക്കും. സഭാ തർക്കങ്ങൾ രമ്യമായി പരിഹരിക്കാതെ സ്വത്തു വിഷയങ്ങൾ ഉൾപ്പെടുത്തി ജനവികാരം ഇളക്കിവിട്ട് സർക്കാരിൽ സമ്മർദ്ദം ചെലുത്തി ചർച്ച് ആക്ട് നടപ്പാക്കാൻ സഹോദരസഭകൾ ശ്രമിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു.

# ലത്തീൻ കത്തോലിക്കാസഭ

പള്ളിക്കണക്കുകൾ ലഭിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും കാനൻ, സിവിൽ നിയമങ്ങൾ പ്രകാരം സംവിധാനങ്ങളുണ്ട്. പുതിയൊരു നിയമത്തിന്റെ ആവശ്യകതയില്ല. ആക്ട് നടപ്പാക്കില്ലെന്ന നിലപാട് ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങി സർക്കാർ മാറ്റുമെന്ന് കരുതുന്നില്ല.

# ആക്ട് ആവശ്യപ്പെടുന്നവർ

• യാക്കോബായ സഭ

• ആൾ കേരള ചർച്ചസ് ആക്ഷൻ കൗൺസിൽ

• ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ

• സേവ് ഔവർ സിസ്റ്റേഴ്‌സ്

# ചർച്ച് ആക്ട്

ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അദ്ധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മിഷൻ ശുപാർശ ചെയ്ത കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ ട്രസ്റ്റ് ബിൽ ആണ് ചർച്ച ആക്ട് എന്ന് അറിയപ്പെടുന്നത്.