ആലുവ: നിർദ്ദിഷ്ട നാലുവരിപ്പാതയുമായി ബന്ധപ്പെട്ട് വ്യാപാരമേഖലയുടെ ആശങ്ക അകറ്റണമെന്ന് ആലുവ മർച്ചന്റ്‌സ് യൂത്ത്‌വിംഗ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. നാടിന്റെ അടിസ്ഥാന വികസനത്തിന് വ്യാപാരികൾ എതിരല്ല. എന്നാൽ വ്യാപാരരംഗത്തേക്കുള്ള കുത്തക ഓൺലൈൻ കടന്നുകയറ്റവും ചെറുകിടവ്യാപാരമേഖലയെ തകർച്ചയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ റോഡ് വികസനത്തിനായി കുടിയൊഴിയേണ്ടി വരുമെന്ന വലിയ ആശങ്കയിലാണ് വ്യാപാരികൾ. വ്യാപാരസ്ഥാപനങ്ങൾ ഒഴിവാക്കിയുളള അലൈൻമെന്റ് പരിഗണിക്കണമെന്നും യൂത്ത് വിംഗ് ആവശ്യപ്പെട്ടു.
ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഇ.എം.നസീർ ബാബു ഉദ്ഘാടനം ചെയ്തു. അജ്മൽ കാമ്പായി അദ്ധ്യക്ഷത വഹിച്ചു. അസേസിയേഷൻ ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ജോണി മൂത്തേടൻ, കെ.സി. ബാബു, ലത്തീഫ് പുഴിത്തറ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അജ്മൽ കാമ്പായി (പ്രസിഡന്റ്), സി.ഡി. ജോൺസൻ (ജനറൽ സെക്രട്ടറി), സി.ബി. രാജു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.