കൊച്ചി: നഗരത്തിലെ റോഡുകളിലെ കുഴികൾ അടയ്ക്കുന്ന പണി എവിടെ എത്തിയെന്ന് ഹൈക്കോടതി. പണിയുടെ പുരോഗതിയെക്കുറിച്ച് കൊച്ചി കോർപ്പറേഷനും ജി.സി.ഡി.എയും റിപ്പോർട്ട് നൽകാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചു.

റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് കെ.പി അജിത്കുമാർ ഉൾപ്പെടെ സമർപ്പിച്ച ഹർജികളിലാണ് നിർദ്ദേശം. ഹർജി പിന്നീട് പരിഗണിക്കും.
മഴയുടെയും അനുമതികളുടെയും മറവിൽ റോഡിലെ കുഴികൾ അടയ്ക്കുന്നത് താമസിക്കരുതെന്ന് മുമ്പ് ഹർജി പരിഗണിച്ചപ്പോൾ കോടതി നിർദ്ദേശിച്ചിരുന്നു. കുഴികൾ യുദ്ധകാലാടിസ്ഥാനത്തിൽ അടയ്ക്കാനും നഗരസഭയ്ക്ക് നിർദേശം നൽകിയിരുന്നു. ജി.സി.ഡി.എയുടെ റോഡുകളുടെ ശോച്യാവസ്ഥയും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കോടതി നിർദേശം സമയബന്ധിതമായി നടപ്പാക്കാൻ ശ്രമിക്കുന്നില്ലെന്ന ആരോപണം ഇന്നലെ ഹർജിക്കാർ ഉന്നയിച്ചു. തുടർന്നാണ് പുരോഗതി അറിയിക്കാൻ കോടതി നിർദേശിച്ചത്.