kadungalloor
കടുങ്ങല്ലൂർ പഞ്ചായത്തിൽ ആരംഭിച്ച പൊതുശ്മശാനം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കടുങ്ങല്ലൂർ പഞ്ചായത്തിൽ പൊതുശ്മശാനം വേണമെന്ന വർഷങ്ങളായുള്ള ആവശ്യം യാഥാർത്ഥ്യമായി. നിർമ്മാണം പൂർത്തീകരിച്ചിട്ടും വിവിധ കാരണങ്ങളാൽ ഉദ്ഘാടനം നീണ്ട പൊതുശ്മശാനം കഴിഞ്ഞ ദിവസം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എയാണ് തുറന്നത്. പഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് സ്വിച്ച് ഓൺ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ്. ഷൈല, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട്, ജില്ലാ പഞ്ചായത്ത് അംഗം ഷീബ ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി. വേണു, പ്രതിപക്ഷ നേതാവ് വി.കെ. ഷാനവാസ്, ടി.കെ. ഷാജഹാൻ, ടി.ജെ. ടൈറ്റസ്, വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.

മുൻ ഭരണസമിതിയുടെ കാലത്ത് ശ്മശാനത്തിനായി കല്ലിട്ടെങ്കിലും നിലവിലുള്ള ഭരണസമിതി ചുമതലയേറ്റ ശേഷമാണ് സർക്കാരിൽ നിന്ന് സ്ഥലമളന്നു തിട്ടപ്പെടുത്തി ലഭ്യമാക്കിയത്. 2018 ൽ പണി പൂർത്തീകരിച്ചെങ്കിലും മഹാപ്രളയത്തിൽ നാശനഷ്ടമുണ്ടായി. വീണ്ടും പുതുക്കിപ്പണിയുകയായിരുന്നു.