പട്ടിമറ്റം: ചെങ്ങര പ്രാഥമീകാരോഗ്യ കേന്ദ്രത്തിന് കെട്ടിട നിർമ്മാണം തുടങ്ങി. നാലര പതിറ്റാണ്ട് മുമ്പ് നിർമ്മിച്ച കെട്ടിടം കാലപ്പഴക്കത്താൽ ഇടിഞ്ഞു വീഴുന്ന സ്ഥിതിയിലായിരുന്നു. നേരത്തെ പട്ടിമറ്റത്ത് ആശുപത്രി വരുന്നതിനു മുമ്പ് ചെങ്ങര മേഖലയിലെ ജനങ്ങൾക്ക് ഏക ആശ്രയം ഈ പ്രാഥമീകാരോഗ്യ കേന്ദ്രമായിരുന്നു.ആഴ്ചയിലൊരിക്കൽ വടവുകോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന ഡോക്ടറായിരുന്നു ചികിത്സ നടത്തിയിരുന്നത്. നിലവിൽ എല്ളാ ദിവസവും നഴ്സിന്റെ സേവനമുണ്ട്. ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള മരുന്നുകളും, പോഷകാഹാരങ്ങളും വിതരണം ചെയ്യുന്നുണ്ട്. മെഡിക്കൽ ഉല്പന്നങ്ങളുടെ പ്രമുഖ നിർമ്മാണ കമ്പനിയായ അഗാപ്പെയുടെ സി.എസ്.ആർ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ മുടക്കിയാണ് ആശുപത്രി പുനർ നിർമ്മിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ എൻ.എച്ച്.ആർ.എമ്മിൽ നിന്ന് സ്ഥിരമായി ഡോക്ടറുടെ സേവനം ലഭിക്കുന്നതിനുള്ള പ്രാഥമീക നടപടികളും പൂർത്തിയായതായി പഞ്ചായത്തംഗം കെ.എം സലീം പറഞ്ഞു. 2600 ചതുരശ്രയടിയിൽ ഉന്നത നിലവാരത്തിലാണ് കെട്ടിടം നിർമ്മിക്കുന്നത്. സാമൂഹ്യ പ്രവർത്തകനും,റേഷൻ വ്യാപാരിയുമായിരുന്ന കളപ്പുരക്കുടി കെ.കെ മീതിയിൻ സൗജന്യമായി നൽകിയ 25 സെന്റ് സ്ഥലത്താണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്.