ആലുവ: പോക്‌സോ നിയമ ബോധവത്കരണത്തിന്റെ ഭാഗമായി സംസ്ഥാന പൊലീസ് നിർമ്മിച്ച 'കുഞ്ഞേ നിനക്കായ്' ഡോക്യൂമെന്ററി റൂറൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രദർശിപ്പിച്ചു. ഇന്നും പ്രദർശനം തുടരുമെന്ന് ജില്ലാ പൊലീസ് അറിയിച്ചു. 17 മിനിട്ട് ദൈർഘ്യമുള്ള പോക്‌സോ നിയമങ്ങളും ശിക്ഷയും ഇടപെടലുകളും വ്യക്തമാക്കുന്ന വീഡിയോയാണ് തയ്യാറാക്കിയിട്ടുള്ളത്. കുട്ടികൾക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ സമൂഹ മനസാക്ഷിയെ ഉണർത്തുക, കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുന്നതിനായി പൊതുസമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം.