കൊച്ചി: സ്മാർട്ട്‌സിറ്റി കൊച്ചിയുടെ പ്രധാന സമുച്ചയത്തിലെ 564 കിലോ വാട്ട് സൗരോർജ്ജ പദ്ധതി പ്രവർത്തനമാരംഭിച്ചു. വർഷം 8,20,000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഈ പ്ലാൻറ് സംസ്ഥാനത്തെ ഐ.ടി മേഖലയിലെ ഏറ്റവും വലിയ സൗരോർജ്ജ പദ്ധതികളിലൊന്നാണ്.സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്മാർട്ട്‌സിറ്റി കൊച്ചി സി.ഇ.ഒ മനോജ് നായർ, സൺഷോട്ട് ടെക്‌നോളജീസ് സി.ഇ.ഒ രാഹുൽ ദസരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇതുവഴി 670 ടൺ കാർബൺ ബഹിർഗമനം ഒഴിവാക്കാൻ കഴിയും. സൺഷോട്ട് ടെക്‌നോളജീസ് കമ്മീഷൻ ചെയ്ത പദ്ധതി നിർമ്മിച്ചത് ബെർക്കിലി എനർജിയാണ്.
ആകെയുള്ള 564 കിലോ വാട്ട് പാനലുകളിൽ 475 കിലോ വാട്ട് ഉത്പാദിപ്പിക്കാൻ കഴിയുന്നവ സ്മാർട്ട്‌സിറ്റി കൊച്ചിയുടെ പ്രധാന സമുച്ചയത്തിലും ബാക്കി 89 കിലോവാട്ട് പാനലുകൾ പാർക്കിംഗ് കേന്ദ്രത്തിനു മുകളിലുമാണ്.
പ്ലാന്റിന്റെ സുഗമമായ പ്രവർത്തനത്തിനും അറ്റകുറ്റപ്പണികൾക്കുമായി ഇൻറർനെറ്റ് ഒഫ് തിംഗ്‌സ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന നിയന്ത്രിത സംവിധാനമാണ് സൺഷോട്ട് സ്ഥാപിച്ചിരിക്കുന്നത്. മൊഡ്യൂൾ ടെമ്പറേച്ചർ സെൻസർ, ആംമ്പിയൻറ് ടെമ്പറേച്ചർ സെൻസർ, പിരാനോമീറ്റർ, വൈദ്യുത രക്ഷാചാലകം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും പ്ലാൻറിലുണ്ട്. സാങ്കേതിക വിദ്യയുടെ വികസത്തിനായി 246 ഏക്കറിൽ ആരംഭിച്ച ഐ.ടി നഗരപദ്ധതിയായ സ്മാർട്ട്‌സിറ്റി കൊച്ചി സംസ്ഥാന സർക്കാരിന്റെയും ദുബായ് ഹോൾഡിംഗിന്റെയും സംയുക്ത സംരംഭമാണ്.