തോപ്പുംപടി: സ്വകാര്യ ബസുകൾ പശ്ചിമകൊച്ചിയെ ഒഴിവാക്കുന്നു. രാവിലെയും വൈകിട്ടും മാത്രമാണ് ബസുകൾ ഫോർട്ടുകൊച്ചി, ഇടക്കൊച്ചി, കുമ്പളങ്ങി, ചെല്ലാനം, മട്ടാഞ്ചേരി ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്നത്. ബാക്കിയുള്ള ഉച്ച സമയങ്ങളിൽ ബസുകൾ തോപ്പുംപടി, തേവര ഭാഗങ്ങളിൽ ട്രിപ്പ് അവസാനിപ്പിക്കാറാണ് പതിവ്. ഗ്രാമപ്രദേശമായ ചെല്ലാനം, കുമ്പളങ്ങി ദേശത്തുള്ളവരാണ് ദുരിതത്തിലാകുന്നത്. എറണാകുളത്ത് നിന്നും ജോലി കഴിഞ്ഞ് എത്തുന്നവർ രാത്രി സമയത്ത് വീടുകളിൽ എത്തുന്നത് ഓട്ടോ പിടിച്ചാണ്. കഴുത്തറപ്പൻ ചാർജാണ് ഇവർ ഈടാക്കുന്നത്. മിനിമം 30 രൂപ വാങ്ങുന്ന ഇവർ പാതി വഴിയിൽ യാത്രക്കാരെ ഇറക്കി വിടുന്നതും പതിവാണ്.
റോഡ് മോശമായതിനാൽ ഇറക്കി വിടുന്നു
കുമ്പളങ്ങിയിലെ റോഡ് മോശമാണെന്ന് പറഞ്ഞാണ് സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നത്. കുമ്പളങ്ങിയിലേക്ക് പോകേണ്ട പല ബസുകളും പലപ്പോഴും പെരുമ്പടപ്പിൽ ട്രിപ്പ് അവസാനിപ്പിച്ച് തിരിച്ച് മടങ്ങാറാണ് പതിവ്.മെട്രോ റെയിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഗതാഗതക്കുരുക്കും വാഹനങ്ങൾ പെരുകിയപ്പോഴുണ്ടായ കുരുക്കുമാണ് ഗതാഗത സ്തംഭനത്തിന് കാരണം.
നടപടിയെടുകാതെ ആർ.ടി.ഒ
ട്രിപ്പുകൾ അവസാനിപ്പിക്കുന്ന ബസുകൾക്കെതിരെ ആർ.ടി.ഒ നടപടി സ്വീകരിക്കാത്തതാണ് പ്രധാന വിഷയം. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പേരിന് നടപടി എടുക്കുന്ന പൊലീസും ആർ.ടി.ഒയും സ്ഥിരം സംവിധാനം ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.തോപ്പുംപടി വഴി സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾ വൈറ്റില വഴി സർവീസ് നടത്തുന്നതും പടിഞ്ഞാറൻ കൊച്ചിയിലെ യാത്രാക്ലേശത്തിന് വഴി ഒരുക്കുകയാണ്.