കൊച്ചി : ഗ്രീക്ക് റോമൻ സംസ്കാരങ്ങൾ ഉണ്ടാകും മുമ്പേ തന്നെ രൂപപ്പെട്ടതാണ് ഭാരതീയ സംസ്കാരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. അറബികൾ ഉൾപ്പെടെയുള്ളവർ ഭാരതത്തിലെത്തിയത് മഹത്തായ നമ്മുടെ അറിവ് സ്വാംശീകരിക്കാനാണെന്നും ഗവർണർ പറഞ്ഞു പത്ത് ദിവസം നീണ്ടുനിൽക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വേദങ്ങളും ഉപനിഷത്തുകളും നമുക്ക് സമ്മാനിച്ച ഋഷീവര്യന്മാർ എക്കാലവും ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങളായി നിലനിൽക്കും. ഗ്രീക്ക്, റോമൻ, ചെെനീസ് സാമ്രാജ്യങ്ങൾ അധികാര കേന്ദ്രമാകാൻ ശ്രമിച്ചപ്പോൾ ഭാരതം വേദങ്ങളും ഉപനിഷത്തുകളും അടങ്ങിയ ജ്ഞാനത്തിന്റെ സാമ്രാജ്യം ആയി പരിലസിച്ചു. സ്വാമി വിവേകാന്ദനെപ്പോലുള്ള വാഗ്മികളെ ലോകത്തിന് സമർപ്പിക്കാൻ നമുക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളു. രാമൻ ഈശ്വരൻ എന്നതിനേക്കാളുപരി നമുക്ക് അറിവിന്റെ വെളിച്ചം നൽകിയ ചെെതന്യസ്വരൂപനാണ്. മറ്റു മതങ്ങൾക്ക് വഴിക്കാട്ടിയായി നിന്നതും ഹെെന്ദവ സംസ്കാരം തന്നെ. സ്നേഹവും അറിവുമാണ് നാം ലോകത്തിന് നൽകിയ സംഭാവന . അറിവും സംസ്കാരവും തലമുറകളിലേക്ക് പകരുന്നവയാണ് പുസ്തകങ്ങൾ. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവും സംസ്കാരവുമാണ്.

പുസ്തകമേളകൾ നാട്ടിൻ പുറങ്ങളിലാണ് കൂടുതലായി ഉണ്ടാകേണ്ടതെന്നും ഗവർണർ പറഞ്ഞു. കെ.ഐ.ബി.എഫ് ചെയർമാൻ എം.സി.ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി വെെസ് ചെയർപേഴ്സൺ അരുണ സെയ്റാം, ഹിന്ദി എഴുത്തുകാരി ചിത്ര മുദ്ഗൽ, എ.ജയകുമാർ, ഇ.എം.ഹിദാസ് , പി.സോമനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.