book
ജസ്റ്റിസ് ഷംസുദ്ദീന്റെ ആത്മകഥയായ ''ഓർമയിലെ വസന്തങ്ങൾ'' എന്ന കൃതി എറണാകുളം ടൗൺഹാളിൽ വച്ച് ഗർണർ ആരിഫ് മുഹമ്മദ് ഖാൻ നോവലിസ്റ്റ് കെ.പി. രാമനുണ്ണിക്ക് നൽകി നിർവഹിക്കുന്നു . മേയർ സൗമിനി ജെയിൻ ,പ്രൊഫ. എം.കെ. സാനു എന്നിവർ സമീപം.

കൊച്ചി: കലർപ്പില്ലാത്ത നീതിക്കായി നിലകൊള്ളുകയും സമൂഹത്തിന്റെ ശാന്തിക്കും ക്ഷേമത്തിനും നവോത്ഥാനത്തിനുമായി പ്രയത്നിക്കുകയും ചെയ്ത ന്യായാധിപനാണ് ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ എന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ജസ്റ്റിസ് ഷംസുദ്ദീന്റെ ആത്മകഥയായ ''ഓർമയിലെ വസന്തങ്ങൾ'' എറണാകുളം ടൗൺഹാളിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോവലിസ്റ്റ് കെ.പി. രാമനുണ്ണി കൃതി ഏറ്റുവാങ്ങി.

ജീവിതത്തിൽ ഉടനീളം പ്രത്യാശാഭരിതമായ മനോഭാവം പുലർത്തിയതിനാൽ ഏത് പ്രയാസ കാലത്തെയും വസന്തകാലത്തിന്റെ നിറം നൽകി പ്രകാശമാനമാക്കാൻ ഷംസുദ്ദീന് കഴിഞ്ഞു. നിശ്ചയദാർഢ്യത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും സ്വന്തം ജീവിതത്തിന്റെ ഗതി തിരുത്തിക്കുറിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ആത്മകഥയിൽ

ഷാബാനു കേസിനെ കുറിച്ച് പരാമർശിക്കുന്ന ഭാഗത്ത് തന്റെ പേരും കടന്നു വരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഗവർണർ, തനിക്കു നേരിടേണ്ടി വന്നതു പോലുള്ള സാമൂഹിക രോഷം ജസ്റ്റിസ് ഷംസുദ്ദീനും അഭിമുഖീകരിച്ചതായി മനസ്സിലാക്കുന്നുവെന്ന് പറഞ്ഞു. ജസ്റ്റിസ് ഷംസുദ്ദീനും അദ്ദേഹത്തെ പോലെ ചിന്തിച്ചവരുമായിരുന്നു ശരി എന്ന് കാലം തെളിയിച്ചിരിക്കുന്നു . ഗവർണർ പറഞ്ഞു. കൊച്ചി മേയർ സൗമിനി ജെയിൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം.കെ. സാനു, ജസ്റ്റിസ് ഷംസുദ്ദീൻ, റവ. ഫാദർ വിൻസെൻറ് കുണ്ടുകുളം, കെ.പി. രാമനുണ്ണി എന്നിവർ സംസാരിച്ചു.