pkdp
പുക്കാട്ടുപടി ജംഗ്ഷൻ

കിഴക്കമ്പലം: പുക്കാട്ടുപടിയിൽ നിന്നു കറങ്ങാതിരിക്കണമെങ്കിൽ കോടതി കനിയണം. ആദ്യമായി പുക്കാട്ടുപടി

ജംഗ്ഷനിലെത്തുന്നവർ, പുറത്തു കടക്കാൻ കഷ്ടപ്പെടുകയാണ്. ആലുവ, എറണാകുളം,പെരുമ്പാവൂർ ഭാഗങ്ങളിലേക്ക് പോകുന്നതിനായി കിഴക്കമ്പലം ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങളടക്കം പുക്കാട്ടുപടി വള്ളത്തോൾ ജംഗ്ഷനിലെത്തിയാൽ പുറത്ത് കടക്കാൻ കറങ്ങാതെ നിവർത്തിയില്ല. വായനശാല ജംഗ്ഷനിൽ നിന്നും ബൈപ്പാസ് റോഡും പ്രധാന റോഡും സമാന്തരമായി പുക്കാട്ടപടി ജംഗ്ഷനിലേക്കാണ് എത്തുന്നതെങ്കിലും വാഹന യാത്രികർക്ക് ഇക്കാര്യം പിടി കിട്ടാൻ പണിയാണ്. ഇക്കാരണത്താൽ ഏത് റോഡിലൂടെയാണ് തങ്ങൾക്ക് പോകേണ്ട സ്ഥലത്ത് എത്തേണ്ടതെന്ന് അറിയാത്ത അവസ്ഥയിൽ വാഹനം തലങ്ങും വിലങ്ങും സഞ്ചരിക്കുകയാണ്. പ്രധാന റോഡും, ബൈ പാസ് റോഡും സംഗമിക്കുന്നിടത്തു നിന്നും മൂന്നു ഭാഗങ്ങളിലേയ്ക്കും വഴികൾ തിരിയുന്നുണ്ട് . ഇവിടെ സൈൻ ബോർഡുകളുമില്ല. ഇതാണ് വാഹന യാത്രികരെ കുരുക്കുന്നത്. വാഹനങ്ങളുടെ സ്പീഡ് നിയന്ത്റിക്കാനുള്ള ഒരു സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടില്ല. ഇക്കാരണത്താൽ ബൈ പാസ് റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ അമിത വേഗതയിൽ പാഞ്ഞെത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. ഇത്തരത്തിൽ ജംഗ്ഷൻ വികസനം സാധ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

വായനശാല കേന്ദ്രീകരിച്ച് എടത്തല, കുന്നത്തുനാട് പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ടൗൺ വികസന സമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചെങ്കിലും രാഷ്ട്രീയ ഇടപെടൽ ശക്തമായതോടെ ആ പ്രതീക്ഷയും അസ്തമിച്ചു.

ദുരിതത്തിലാകുന്നത് കാൽനട യാത്രികർ

കാൽനട യാത്രികരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. കാൽനട യാത്രികർ ജംഗ്ഷനിൽപ്പെട്ടാൽ വാഹനമിടിക്കാതെ ഏതു വഴി മാറണമെന്നറിയാതെയും നെട്ടോട്ടമോടുകയാണ്. പ്രധാന ജംഗ്ഷൻ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വീതി കൂട്ടിയാൽ പ്രധാന റോഡ് വഴി എത്തേണ്ടിടത്ത് കറങ്ങാതെ എത്താനാകും.

വികസനം പാതിവഴിയിൽ

റോഡിന്റെ വീതികൂട്ടി ജംഗ്ഷൻ വികസനത്തിന് തുടക്കമിട്ടെങ്കിലും വ്യാപാരികളും പ്രാദേശിക രാഷ്ട്രീയ നേതൃത്വവും ഇതിനെതിരായി രംഗത്തു വന്നതോടെ വികസനം നിർത്തിവെക്കേണ്ടി വന്നു. വികസനം യാഥാർഥ്യമായാൽ ജംഗ്ഷനിലെ ഗതാഗതസ്തംഭനവും തിരക്കും ഇല്ലാതാകും. എന്നാൽ റോഡിന് വീതി വർദ്ധിപ്പിക്കണമെങ്കിൽ വ്യാപാരികളുടെ നേതൃത്വത്തിലുള്ള കൈയേ​റ്റങ്ങൾ ഒഴിപ്പിക്കണം.