വൈപ്പിൻ: എളങ്കുന്നപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് ഇന്ന് കൊടിയേറും.
വൈപ്പിൻകരയിലെ ക്ഷേത്രോത്സവങ്ങൾക്ക് നാന്ദികുറിച്ചുകൊണ്ട് ഇന്ന് ദീപാരാധനയ്ക്ക് ശേഷം തന്ത്രി മുഖ്യൻമാരുടെ മുഖ്യകാർമ്മികത്വത്തിലായിരിക്കും കൊടിയേറ്റം. ക്ഷേത്രകലകൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള കലാപരിപാടികൾ എല്ലാദിവസവും ഉണ്ടാകും.
ഉത്സവത്തിന്റെ അഞ്ചാം ദിവസം രാവിലെ 8 മണിക്ക് ശീവേലിക്ക് 11 ആനകൾ അണിനിരക്കും. മേളകലാനിധിപെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ നൂറോളം വാദ്യകലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം ഉത്സവത്തിന് മാറ്റ് കൂട്ടും. വൈകീട്ട് ഇതേ ആനകളെയും രാവിലെ പങ്കെടുത്ത വാദ്യകലാകാരന്മാരെയും ഉൾപ്പെടുത്തി വിളക്കിനെഴുന്നള്ളിപ്പുമുണ്ടാകും.
ഉത്സവത്തിന്റെ ഏഴാം ദിവസമാണ് പ്രസിദ്ധമായ കച്ചേരിപ്പറ എഴുന്നള്ളിപ്പ്.ആദ്യകാലങ്ങളിൽ കച്ചേരിയിൽ പറ വഴിപാട് സമർപ്പിച്ചിരുന്നത് കൊച്ചി മഹാരാജാവായിരുന്നു . പിൽക്കാലങ്ങളിൽ ഈ ചടങ്ങ് കളക്ടർ, തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർനിർവഹിക്കുന്നു. ഈ വർഷം കൊച്ചി രാജകുടുംബത്തിലെ പ്രതിനിധികൾ കച്ചേരിയിൽ പറ നിറക്കും. കച്ചേരിപ്പറക്കും പല്ലാവൂർ ശ്രീധരമാരാരുടെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചവാദ്യം ഉണ്ടാകും.
എട്ടാം ദിവസമാണ് ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്ന ലക്ഷദീപം.ഒമ്പതാം ദിവസം വലിയ വിളക്ക്, പത്താം ദിവസം ആറാട്ടെഴുന്നള്ളിപ്പോടെ ഈ വർഷത്തെ ഉത്സവത്തിന് സമാപനമാകും. പ്രസാദ ഊട്ട് എല്ലാ ദിവസവുമുണ്ടാകും.