kerala-highcourt

കൊച്ചി: വഖഫ് ബോർഡിലെ സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള മുൻകൂർ അപേക്ഷയിൽ സർക്കാർ തീരുമാനം ഉടൻ അറിയിച്ചില്ലെങ്കിൽ വഖഫ് ചുമതലയുള്ള റവന്യൂ സെക്രട്ടറി ജനുവരി മൂന്നിന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ നിയമ വിരുദ്ധമായി കൈമാറ്റം ചെയ്തിട്ടുണ്ടെന്നും അനധികൃത നിയമനങ്ങൾ നടക്കുന്നുണ്ടെന്നുമാരോപിച്ച് കാക്കനാട് പടമുഗൾ സ്വദേശി ടി.എം. അബ്ദുൾ സലാം നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

വഖഫ് ബോർഡിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഹർജിക്കാരൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിൽ വഖഫ് ബോർഡ് സി.ഇ.ഒയ്ക്കെതിരെ വകുപ്പുതല നടപടി മാത്രം മതിയെന്നാണ് വിജിലൻസ് റിപ്പോർട്ട് നൽകിയത്. എന്നാൽ തുടരന്വേഷണം വേണമെന്ന് വ്യക്തമാക്കിയ വിജിലൻസ് കോടതി പൊതു സേവകർ ഉൾപ്പെട്ട കേസിൽ അന്വേഷണത്തിന് അഴിമതി നിരോധന നിയമപ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ടതുണ്ടെന്ന് വ്യക്തമാക്കി. ഇതനുസരിച്ച് നൽകിയ അപേക്ഷയിൽ സർക്കാർ തീരുമാനമെടുക്കാത്തതുകൊണ്ടാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.