കൊച്ചി: ' പി.എസ്.സി പരീക്ഷ ജയിച്ചപ്പോൾ ലോകം പിടിച്ചടക്കിയ മട്ടായിരുന്നു. എന്നാൽ ഇ - ഗവേണൻസ് പദ്ധതി നടപ്പാക്കാത്ത കൊച്ചി നഗരസഭയിൽ ബിൽ കളക്ടറായി നിയമനം കിട്ടിയതോടെ പ്രതീക്ഷകൾ പൊലിഞ്ഞു . ജോലിയിലെ സമ്മർദ്ദം കാരണം ഇപ്പോൾ ഉറക്കമില്ല,മനസിന്റെ താളം തെറ്റി, ആരോട് പരാതി പറയുമെന്ന് അറിയില്ല '. വസ്തു നികുതിയും തൊഴിൽ നികുതിയും പിരിക്കുന്നതിനായി കൊച്ചി കോർപ്പറേഷനിലെ 74 ഡിവിഷനുകളിലെയും വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങുന്ന യുവ സർക്കാർ ജീവനക്കാർ അടക്കാനാവാത്ത രോഷത്തോടെ പറഞ്ഞു.
ജനന, മരണ സർട്ടിഫിക്കറ്റുകളും നികുതി അടയ്ക്കലുമെല്ലാം ഓൺലൈനായി ചെയ്യാൻ പഞ്ചായത്തുകളിൽ വരെ സൗകര്യമുണ്ട്. എന്നാൽ ഭരണക്കാരുടെ പിടിപ്പുകേട് മൂലം കൊച്ചി കോർപ്പറേഷൻ ഇക്കാര്യത്തിൽ പ്രാകൃതയുഗത്തിലാണ്. ഓൺലൈൻ സംവിധാനമില്ലാത്തതിനാൽ ജനങ്ങൾ മാത്രമല്ല ജീവനക്കാരും നട്ടംതിരിയുകയാണ്.
# കടുകടുപ്പൻ ടാർഗറ്റ്
മാർച്ച്, സെപ്തംബർ മാസങ്ങളാണ് നികുതി അടയ്ക്കാനുള്ള സമയം
നികുതി സമാഹരണത്തിനായി കോർപ്പറേഷൻ ആ സമയത്ത് ക്യാമ്പുകൾ നടത്തിയിരുന്നു
തദ്ദേശ സ്ഥാപനങ്ങൾ പിരിച്ചെടുത്തിരുന്ന വിനോദ നികുതി സംസ്ഥാന സർക്കാർ കൈക്കലാക്കിയതോടെ വരുമാനമാർഗം അടഞ്ഞു
വിനോദനികുതിയിനത്തിൽ പ്രതിവർഷം കൊച്ചി കോർപ്പറേഷന് 13 കോടിയാണ് ലഭിച്ചത്
ഇത് നഷ്ടപ്പെട്ടതോടെ നികുതി പിരിവ് ഊർജിതമാക്കുന്നതിന് നടപടികൾ തുടങ്ങി
വസ്തു, തൊഴിൽ നികുതികൾ പിരിച്ചെടുക്കുന്നതിന് ബിൽ കളക്ടർമാർക്ക് ടാർഗറ്റ് നിശ്ചയിച്ചു
എല്ലാ ദിവസവും 30 നോട്ടീസുകൾ വിതരണം ചെയ്യുക, പണം ശേഖരിക്കുക, 2.30 നകം കോർപ്പറേഷൻ മെയിൻ ഓഫീസിൽ തുക അടയ്ക്കുക, 3 നകം കണക്കുകൾ റിപ്പോർട്ട് ചെയ്യുക,
നികുതി പിരിവ് പുരോഗതി വിലയിരുത്തുന്നതിന് ആഴ്ച തോറും യോഗം
# ഒന്നാം സ്ഥാനത്ത് ഇടപ്പള്ളി
ഏറ്റവും അധികം നികുതിവരുമാനം ലഭിക്കുന്നത് ഇടപ്പള്ളിയിൽ നിന്നാണ്. രണ്ടാം സ്ഥാനത്ത് വൈറ്റില. സിറ്റി മേഖല മൂന്നാം സ്ഥാനത്താണ്.
# തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നു
കടകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ലൈസൻസ് പുതുക്കുന്നത് ഫെബ്രുവരിയിലാണ്. കെട്ടിട നികുതിയും തൊഴിൽ നികുതിയും അടച്ചാൽ മാത്രമേ ലൈസൻസ് പുതുക്കാൻ സാധിക്കുകയുള്ളു. എത്ര നോട്ടീസ് നൽകിയാലും ഫെബ്രുവരിക്ക് മുമ്പ് കട ഉടമകൾ നികുതി അടയ്ക്കാൻ തയ്യാറാകില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കച്ചവടം കുറഞ്ഞതോടെ ധാരാളം കടകൾ അടച്ചുപൂട്ടിയത് തിരിച്ചടിയായി. പിഴ പലിശ ഒഴിവാകുമെന്ന പ്രതീക്ഷയിൽ വീട്ടുകാർ നികുതി അടയ്ക്കാൻ മാർച്ച് വരെ കാത്തിരിക്കുന്നതാണ് മറ്റൊരു പ്രശ്നം. ഇങ്ങനെ വരുന്ന കുടിശികയെല്ലാം തങ്ങളുടെ ബാധ്യതയായി കണക്കാക്കുമെന്ന മേലുദ്യോഗസ്ഥരുടെ ഭീഷണി ജീവനക്കാരുടെ ഉറക്കം കെടുത്തുകയാണ്.
# ഇ ഗവേണൻസ് എന്ന് വരും ?
മഴയത്തും വെയിലത്തും ബസ് സർവീസില്ലാത്ത വഴികളിലൂടെയുള്ള അലഞ്ഞുതിരിയൽ , പൊട്ടിപ്പൊളിഞ്ഞ റോഡ്, വെള്ളക്കെട്ട്, തുടങ്ങിയ പിഴവുകൾക്ക് നികുതിദായകരുടെ ചീത്തവിളി. ബിൽകളക്ടർമാർ ദുരിതങ്ങളുടെ പട്ടിക നിരത്തി. ഇ ഗവേണൻസ് പദ്ധതിക്കായി കൈമാറിയ ഡാറ്റ നിഷ്‌ഫലമായല്ലോ എന്ന നിരാശയിലാണ് ജീവനക്കാർ.