കൊച്ചി: പഞ്ചായത്ത്, മുനിസിപ്പാലിറ്റി, റൂറൽ ഡെവലപ്‌മെന്റ്, എൽ.എസ്.ജി.ടി എൻജിനിയറിംഗ് വിംഗ്, ടൗൺ പ്ലാനിംഗ് എന്നീ അഞ്ച് വകുപ്പുകൾ സംയോജിപ്പിക്കാനുള്ള നീക്കം അധികാര വികേന്ദ്രീകരണത്തെ തകർക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന വാർഷികത്തിൽ രാഷ്ട്രപതി ഭവനെ പോലും നോക്കുകുത്തിയാക്കി ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്ന കാഴ്ചയാണ് കണ്ടത്. ഗവർണർമാരുടെ കാര്യാലയങ്ങൾ ബി.ജെ.പി ഔട്ട്‌പോസ്റ്റുകളാക്കി മാറ്റി. അജിത് പവാർ ഏറ്റവും വലിയ അഴിമതിക്കാരനാണെന്ന് പറഞ്ഞവർ ഭരണം പിടിക്കാൻ പുണ്യാളനാക്കി. എല്ലാ കേസുകളും പിൻവലിച്ച് ക്ലീൻചിറ്റ് നൽകി. നഗരങ്ങളിൽ മാത്രം കെട്ടുകാഴ്ചയൊരുക്കി ഗ്രാമങ്ങളിലെ സ്‌കൂളുകൾ പാമ്പുകൾക്ക് വസിക്കാനുള്ള ഇടമാക്കി മാറ്റുകയാണ് ഇടത് സർക്കാരെന്നും മുല്ലപ്പള്ളി പറഞ്ഞു.
ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം പി.സി. ചാക്കോ വിശിഷ്ടാതിഥിയായിരുന്നു. റോജി എം. ജോൺ എം.എൽ.എ, കെ. ബാബു, എം. സലാഹുദ്ദീൻ, ബി.എ. അബ്ദുൾ മുത്തലിബ്, ആശാ സനിൽ, മുഹമ്മദ് ഷിയാസ് എന്നിവർ സംസാരിച്ചു. കെ.പി.ഇ.ഒ സംസ്ഥാന പ്രസിഡന്റ് കെ. ബാബു സ്വാഗതവും ജനറൽ കൺവീനർ നൈറ്റോ ബേബി അരീക്കൽ നന്ദിയും പറഞ്ഞു.