ആലുവ: ആലുവ നഗരസഭയിൽ '. പ്രതിപക്ഷം സംഘടിപ്പിച്ച 'കേരളോത്സവം' വിദ്യാഭ്യാസ - സാംസ്കാരിക സ്റ്റാൻഡി​ംഗ് കമ്മിറ്റി ചെയർപേഴ്സൺ ലോലിത ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഇന്നും മത്സരങ്ങൾ തുടരുമെന്ന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ അറിയിച്ചു.

എന്നാൽ നഗരസഭയുടെ കേരളോത്സവം കഴിഞ്ഞ 26,27 തീയതികളിൽ പൂർത്തി​യാക്കി​യതാണെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു. ഇന്നലെ നടന്ന മത്സരത്തെ കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച്ച നടന്ന മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കാത്തവർ കേരള സംസ്ഥാന യുവജന ബോർഡിന് പരാതി നൽകിയതിനെ തുടർന്ന് പൂർത്തിയാകാത്ത മത്സരങ്ങൾ സംഘടിപ്പിക്കുവാൻ നഗരസഭാ സെക്രട്ടറിക്ക് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സി.ടി. സബിത നിർദ്ദേശം നൽകിയെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇതനുസരിച്ചാണ് ഇന്നലെ ബാഡ്മിന്റൺ, കാരംസ്, ചെസ്സ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചതെന്നും പ്രതിപക്ഷം പറയുന്നു. ഇന്ന് ക്രിക്കറ്റ്, അത്‌ലറ്റിക്‌സ്, കലാമത്സരങ്ങൾ എന്നിവയും നടക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.

നഗരസഭ സംഘടിപ്പിച്ച കേരളോത്സവം അൻവർ സാദത്ത് എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്. സ്റ്റാൻഡിംഗ് കമ്മിറ്റി എൽ.ഡി.എഫി​നാണ്.യുവജന ക്ഷേമ ബോർഡ് ചെയർപേഴ്സൺ ചിന്ത ജോറോമിനെ ഉദ്ഘാടകയാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇത് കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഭരണപക്ഷം നിരാകരിച്ചതാണ് രണ്ട് കേരളോത്സവത്തിന് വഴിയൊരുക്കിയത്.