പറവൂർ : പറവൂർ നഗരസഭയുടെ കീഴിലുള്ള റിക്രിയേഷൻ ഗ്രൗണ്ട് രണ്ട് കോടി രൂപ ചെലവിൽ ആധുനിക രീതിയിൽ നവീകരിക്കും. ആദ്യഘട്ടമായി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും രണ്ടു കോടിരൂപ അനുവദിക്കുമെന്ന് വി.ഡി. സതീശൻ എം.എൽ.എ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. എല്ലാവിധ സൗകര്യങ്ങളോടുകൂടിയ ഗ്രൗണ്ട് നിർമ്മിക്കാൻ ആവശ്യമായ സാങ്കേതികോപദേശം നൽകാമെന്ന് കേരള ഫുട്ബോൾ അസോസിയേഷനും കേരള ക്രിക്കറ്റ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്. പറവൂരിലെയും പരിസരപ്രദേശത്തെയും വിവിധ കായിക സംഘടനകളുടെയും, ക്ലബുകളുടെയും സഹകരണം തേടും. അശാസ്ത്രീയമായി നേരത്തെ ഗ്രൗണ്ടിൽ നിർമ്മിച്ച സ്റ്റേഡിയം പൊളിച്ച് നീക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെടും. ഗ്രൗണ്ടിന്റെ എല്ലാ ചുമതലകളും നഗരസഭക്കായിരിക്കും. . കൂടുതൽ തുക ആവശ്യമെങ്കിൽ വീണ്ടും അനുവദിക്കും. എം.എൽ.എ ആസ്തി വികസന ഫണ്ട് തികയാതെ വന്നാൽ സ്പോൺസർഷിപ്പ് സ്വീകരിക്കുമെന്നും വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഡെന്നി തോമസ്, ജലജ രവീന്ദ്രൻ, പ്രദീപ് തോപ്പിൽ മുൻ ചെയർമാൻ രമേഷ് ഡി. കുറുപ്പ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വരാപ്പുഴയിൽഇൻഡോർ സ്റ്റേഡിയം
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ച് കോടി ചെലവിട്ട് വരാപ്പുഴയിൽ നിർമ്മിക്കുന്ന പപ്പൻ സ്മാരക വോളിബോൾ ഇൻഡോർ സ്റ്റേഡിയം ഈമാസം പൂർത്തിയാകും. പറവൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ നിർമ്മിക്കുന്ന വോളിബോൾ കോർട്ടിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. സദ്‌ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ പുതിയ ഘടകമായി കായിക വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ വികസന പദ്ധതി കൂട്ടിച്ചേർക്കും. ഇതിന്റെ ഭാഗമായി കായിക മികവുള്ള സ്കൂളുകളിൽ കോർട്ടുകൾ നിർമ്മിക്കും.
ഗ്രൗണ്ട് ഫുട്ബാൾ, ക്രിക്കറ്റ്, അത്‌ലറ്റിക്സ് എന്നിവയ്ക്ക്
ഗ്രൗണ്ട് കായികാവശ്യങ്ങൾക്ക് മാത്രം
ടോയ്ലറ്റുകൾ, ഡ്രെസിംഗ് റൂമുകൾ, ഓഫീസ് മുറി, വാച്ച് ടവർ എന്നിവ നിർമ്മിക്കും
അനുവദിക്കുന്നത് രണ്ട് കോടി