കൊച്ചി : യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിലെ ഒൻപതാം പ്രതി പത്തനംതിട്ട സ്വദേശി സനൽകുമാറിന്റെ ജാമ്യം വിചാരണക്കോടതി റദ്ദാക്കി.ജാമ്യത്തിലിറങ്ങിയ സനൽകുമാർ പിന്നീട് കോടതിയിൽ ഹാജരായിട്ടില്ല. സമൻസുകൾ നൽകിയിട്ടും പ്രതികരണം ഇല്ലാതായതോടെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം ഇയാൾ പോക്സോ കേസിൽ ഉൾപ്പെട്ടെന്നും അറസ്റ്റ് ഭയന്ന് ഒളിവിൽ പോയതാണെന്നും അന്വേഷണ സംഘം കോടതിയിൽ ബോധിപ്പിച്ചു.
ഇയാളുടെ ജാമ്യക്കാർ ഡിസംബർ മൂന്നിന് ഹാജരാകാനും എറണാകുളം പ്രത്യേക സി.ബി.ഐ കോടതി നിർദ്ദേശിച്ചു. വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന നടിയുടെ ആവശ്യം പരിഗണിച്ച് ഹൈക്കോടതിയാണ് സി.ബി.ഐ കോടതിക്ക് വിട്ടത്.
ദിലീപ് 3ന് ഹാജരാകും
പ്രതികളുടെ പ്രാഥമിക വാദത്തിനായി കോടതി കേസ് ഡിസംബർ രണ്ടിനു പരിഗണിക്കും. പുതിയ ചിത്രത്തിന്റെ പ്രൊമോഷന് കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോയ നടൻ ദിലീപ് ഡിസംബർ രണ്ടിന് തിരിച്ചെത്തും. മൂന്നിന് കേസ് പരിഗണിക്കുമ്പോൾ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകണം. തുടർന്ന് പ്രാഥമിക വാദം കേട്ട് സാക്ഷി വിസ്താരത്തിനുള്ള പട്ടികയും തീയതിയും തയ്യാറാക്കി പ്രതികൾക്ക് സമൻസ് നൽകും.
ദൃശ്യങ്ങളുടെ പകർപ്പ് ലഭിക്കാൻ ദിലീപ് നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.
മണികണ്ഠന്റെ ജയിൽമാറ്റം : ഹർജി തള്ളി
എറണാകുളം സബ് ജയിലിൽ നിന്ന് തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിയായ മണികണ്ഠൻ നൽകിയ ഹർജി വിചാരണക്കോടതി തള്ളി. കുറ്റസമ്മത മൊഴിയിലെ ചില ഭാഗങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി സമർപ്പിച്ച ഹർജിയിൽ കോടതി വാദം കേൾക്കും. മറ്റു പ്രതികളായ ഡ്രൈവർ മാർട്ടിൻ, പ്രദീപ്, വിജീഷ് എന്നിവർ നൽകിയ ജാമ്യാപേക്ഷയും വാദം കേൾക്കാൻ മാറ്റി. കുറ്റം ചുമത്തൽ നടപടിക്കായി പൾസർ സുനിയടക്കം റിമാൻഡിൽ കഴിയുന്ന പ്രതികളെ ഇന്നലെ കോടതിയിൽ എത്തിച്ചിരുന്നു.