vanchiyoor-court-protes

കൊച്ചി : ജുഡിഷ്യൽ സർവീസിൽ ചേർന്നതോടെ അഭിഭാഷക എൻറോൾമെന്റ് ( സന്നത് )​സസ്പെൻഡ് ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയിക്കാൻ വഞ്ചിയൂർ കോടതിയിലെ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് ദീപ മോഹനോട് കേരള ബാർ കൗൺസിൽ ആവശ്യപ്പെട്ടു. അഭിഭാഷകർ മറ്റേതെങ്കിലും തൊഴിൽ നേടിയാൽ അക്കാര്യം ബാർ കൗൺസിലിൽ അറിയിച്ച് സന്നത് സസ്പെൻഡ് ചെയ്യണമെന്നാണ് ചട്ടം.

വഞ്ചിയൂർ കോടതിയിൽ അഭിഭാഷകർക്കെതിരെ പരാതി നൽകിയ മജിസ്ട്രേട്ട് സന്നത് സസ്പെൻഡ് ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ബാർ അസോസിയേഷൻ ഉൾപ്പെടെ പരാതി നൽകിയിരുന്നു. ഇതു പരിഗണിച്ച ബാർ കൗൺസിൽ ഒരാഴ്ചയ്ക്കകം ഇക്കാര്യം അറിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസം ചേർന്ന ബാർ കൗൺസിലിന്റെ അടിയന്തര എക്സിക്യൂട്ടീവ് യോഗം വഞ്ചിയൂർ കോടതിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. അഭിഭാഷകരും മജിസ്ട്രേട്ടുമാരും തമ്മിൽ ഭാവിയിൽ ഇത്തരം പ്രശ്നങ്ങളുണ്ടായാൽ പരിഹാരം കാണുന്നതിന് ഹൈക്കോടതി ജഡ്‌ജി, ബാർ കൗൺസിൽ ചെയർമാൻ തുടങ്ങിയവരുൾപ്പെട്ട ഒരു സമിതിയുണ്ടാക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. ഇക്കാര്യങ്ങൾക്കായി ബാർ കൗൺസിൽ പ്രതിനിധികളും അഡ്വക്കേറ്റ് ജനറലും തിങ്കളാഴ്ച ചീഫ് ജസ്റ്റിസിനെ കാണാനും തീരുമാനിച്ചിട്ടുണ്ട്.