kerala-bank

കൊച്ചി: കേരള ബാങ്ക് രൂപീകരണത്തിനും പ്രവർത്തനത്തിനും അനുമതി നൽകിയ ഹൈക്കോടതി അതു സംബന്ധിച്ച നടപടികൾ ഭരണഘടനാപരമാണെന്നും വ്യക്തമാക്കി. ബാങ്ക് രൂപീകരിക്കാൻ സർക്കാർ അവതരിപ്പിച്ച നിയമഭേദഗതികളും ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കുന്നതും അംഗീകരിച്ചു. ഇവ ചോദ്യം ചെയ്ത 21 ഹർജികൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി.

കേരള ബാങ്കിന് റിസർവ് ബാങ്ക് അനുമതി നൽകിയതിനെ തുടർന്ന് സർക്കാർ സമർപ്പിച്ച പ്രത്യേക അപേക്ഷ പരിഗണിച്ച് അടിയന്തരമായി വാദം കേട്ടായിരുന്നു വിധി. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും അർബൻ സഹകരണ ബാങ്കുകൾക്കും തീരുമാനങ്ങളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതാണ് സർക്കാർ നടപടിയെന്ന് ഉത്തരവിൽ പറയുന്നു. ജില്ലാ സഹകരണ ബാങ്ക് അംഗങ്ങളായ പ്രാഥമിക സഹകരണ സംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കും ലയനം ദോഷം ചെയ്യില്ല. ഉയർന്ന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ആധുനിക ബാങ്കുകളുമായി മത്സരിക്കാൻ പ്രാഥമിക സംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കും കഴിയില്ല. ഇടനിലക്കാരായ ജില്ലാ സഹകരണ ബാങ്കുകൾ ഇല്ലാതാവുന്നത് ചെലവ് കുറയ്ക്കും. സംവിധാനത്തിന്റെ സാമ്പത്തിക കാര്യക്ഷമത വർദ്ധിക്കും. ലയനം നിർദ്ദേശിക്കുന്ന കേരള കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിലെ ഭേദഗതികൾ സഹകരണ സ്ഥാപനങ്ങളുടെ സ്വയംഭരണം ഉയർത്തിപ്പിടിക്കുന്ന 97-ാം ഭരണഘടനാ ഭേദഗതിക്ക് എതിരല്ല. ജില്ലാ ബാങ്കുകളുടെ സ്വത്തും ബാദ്ധ്യതയും കൈമാറുന്ന പ്രമേയം പാസാക്കുന്നത് ജില്ലാ ബാങ്കുകൾ തന്നെയാണ്. പ്രമേയം പാസാക്കാൻ മൂന്നിൽ രണ്ടു ഭൂരിപക്ഷം ആവശ്യമില്ല. പ്രമേയം പാസാക്കണമെന്നും നിർബന്ധമില്ല. സ്വത്തും ബാദ്ധ്യതയും കൈമാറില്ലെന്ന് മലപ്പുറം ജില്ലാ ബാങ്ക് നിലപാട് സ്വീകരിച്ചത് അതിനാലാണ്. സഹകരണ സ്ഥാപനങ്ങളുടെ സ്വയംഭരണത്തിൽ സർക്കാർ ഇടപെട്ടെന്ന് പറയാനാവില്ല. മുഴുവൻ ജില്ലാ ബാങ്കുകളും തീരുമാനിച്ചാലേ ലയനം കഴിയൂവെന്ന ഹർജിക്കാരുടെ വാദം ശരിയല്ല. ഭൂരിപക്ഷം ബാങ്കുകൾ മതി. രജിസ്ട്രാറും ജില്ലാ സഹകരണ ബാങ്കുകളും സ്വീകരിച്ച നടപടികൾ അംഗീകരിക്കേണ്ടത് റിസർവ് ബാങ്കാണ്. ജില്ലാ ബാങ്കുകളെ നിയമം വഴി ഇല്ലാതാക്കാൻ സാധിക്കുമെന്നും ഉത്തരവിൽ പറഞ്ഞു.