ഇടുക്കി: കുടുംബശ്രീ മിഷൻ മുഖേന നടപ്പിലാക്കുന്ന തൊഴിൽദാന നൈപുണ്യ വികസന പദ്ധതിയായ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന പദ്ധതിയിലൂടെ ഗ്രാമീണ തൊഴിൽ മേഖലയിലെ നിർദ്ധന യുവതിയുവാക്കൾക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുന്നു. ഗ്രാമീണ മേഖലയിൽ നിന്നുള്ള 18നും 35നും ഇടയിൽ പ്രായമുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ഭിശേഷിക്കാർ ഗോത്രവിഭാഗക്കാർ, വനിതകൾ എന്നിവർക്ക് 45വയസുവരെ ഇളവ് ലഭിക്കും. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർ, കുടുംബശ്രീ കുടുംബാംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 15 ദിവസമെങ്കിലും ജോലിചെയ്തവരുടെ കുടുംബാംഗങ്ങൾ, ആശ്രയ ഗുണഭോക്താക്കൾ അവരുടെ ആശ്രിതർ തുടങ്ങിയവർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആശ്രയാ ഗുണഭോക്താക്കൾ, പട്ടികജാതിക്കാർ, പട്ടിക വർഗ്ഗക്കാർ, ന്യൂനപക്ഷങ്ങൾ, അംഗപരിമിതർ എന്നിവർക്ക് പ്രത്യേക പരിഗണന ലഭിക്കും.
പരിശീലനവും അനുബന്ധചെലവുകളും സൗജന്യമാണ്. താമസം, ഭക്ഷണം, യൂണിഫോം, പഠനോപകരണങ്ങൾ തുടങ്ങിയവ പൂർണ്ണമായും സൗജന്യമായി ലഭിക്കുന്നു. 3 മുതൽ 12മാസം വരെ ദൈർഘ്യമുള്ള കോഴ്‌സുകളാണ് പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സും, ലാബ് സൗകര്യങ്ങളും, സൗജന്യ ഇംഗ്ലീഷ്, കമ്പ്യൂട്ടർ, വ്യക്തിത്വ പരിശീലന ക്ലാസുകളും, കൗൺസിലിംഗും, പോസ്റ്റ് പ്ലേസ്‌മെന്റ് സപ്പോർട്ടും പരിശീലനത്തിനൊപ്പം ലഭ്യമാകുന്നു. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് എൻ.സി.വി.റ്റി/എസ്.എസ്.സി തുടങ്ങിയ ദേശീയ സ്ഥാപനങ്ങിളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കും.
. ആരോഗ്യം, ഹോസ്പിറ്റാലിറ്റി, കമ്പ്യൂട്ടർ, ബാങ്കിംങ്, ഓട്ടോ മൊബൈൽ, നെറ്റ് വർക്കിംഗ്, മാർക്കറ്റിംഗ്, ടൂറിസം, സോളാർ എനർജി തുടങ്ങിയ മേഖലകളിൽ ജോലികണ്ടെൺത്തുന്നതിന് സഹായിക്കുന്ന കോഴ്‌സുകളിൽ പരിശീലനം ലഭ്യമാണ്. വെബ്‌ഡെവലപ്പർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോഫ്‌റ്റ്വെയർ ഡെവലപ്പ്‌മെന്റ് , ബാങ്കിംങ് ഫിനാഷ്യൽ സർവ്വീസസ്, ഇൻഷുറൻസ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, ഫാർമസി അസിസ്റ്റന്റ്, സോളാർപാനൽ ടെക്‌നീഷ്യൻ, ലാബ് ടെക്‌നീഷ്യൻ, എയർലൈൻ ആന്റ് എയർപോർട്ട്മാനേജ്‌മെന്റ്, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ സെയിൽ അസോസിയേറ്റ്, ബേസിക് ഓട്ടോമേറ്റീവ് സർവ്വീസിംഗ്, ഡി.റ്റി.പി, ബ്യൂട്ടീഷൻ, തയ്യൽ, മെഷീൻ ഓപ്പറേറ്റർ തുടങ്ങിയ കോഴ്‌സുകളിലും പരിശീലനം നൽകും.പീരുമേട്, രാജകുമാരി, തൊടുപുഴ, അറക്കുളം, എന്നിവിടങ്ങളിലാണ് ഇടുക്കി ജില്ലയിലെ പരിശീലന സ്ഥാപനങ്ങൾ. താൽപര്യമുള്ള കോഴ്‌സുകൾ പഠിക്കുന്നതിനായി ഇടുക്കി ജില്ലയിലെ യുവതീയുവാക്കൾക്ക് മറ്റ് ജില്ലകളിലെ പരിശീലന കേന്ദങ്ങളിലും പ്രവേശനം ലഭിക്കും. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഏറ്റവും അടുത്തുള്ള കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായോ, അല്ലെങ്കിൽ 04862 232223 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടാം.