ചെറുതോണി: നിയമസഭയുടെ ആദ്യ ദിനത്തിൽ ജില്ലയുടെ ഭൂപ്രശ്‌നം ഉന്നയിക്കാതെ യു.ഡി.എഫ് നടത്തിയ ഹർത്താൽ രാഷ്ട്രീയ പ്രേരിതമാണെന്ന് കർഷക സംഘം ജില്ലാ പ്രസിഡന്റ് സി.വി. വർഗീസും സെക്രട്ടറി എൻ.വി. ബേബിയും പറഞ്ഞു. ജില്ലയിൽ ഹർത്താൽ നടക്കുന്ന വിവരം നിയമസഭയിൽ അറിയിക്കുന്നതിന് പോലും കഴിയാത്ത യു.ഡി.എഫ് നേതൃത്വം മാപ്പ് പറയണം. മന്ത്രിമാരെയും നിയമസഭാ അംഗങ്ങളെയും ഹർത്താൽ വിവരം ധരിപ്പിക്കാൻ മുൻ റവന്യൂ മന്ത്രികൂടിയായ പി.ജെ. ജോസഫും തയ്യാറായില്ല. വൺ എർത്ത് വൺ ലൈഫ് എന്ന പരസ്ഥിതി സംഘടനയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരും സമരം നടത്തുന്നവരുമെല്ലാം യോജിച്ച് നടത്തുന്ന നാടകങ്ങളാണ് ഇടുക്കിയിൽ അരങ്ങേറുന്നത്. ജില്ലയിലെ ജനജീവിതത്തെയാകെ ഹർത്താലിലൂടെ ബുദ്ധിമുട്ടിച്ചവർ ഇപ്പോഴും ജനാധിപത്യപരമായ മാർഗങ്ങൾ സ്വീകരിക്കാൻ തയ്യാറായിട്ടില്ല. സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാകാതെ സമരങ്ങൾ നടത്തി പരീക്ഷിക്കുകയാണെന്ന് യു.ഡി.എഫ് നടത്തുന്നതെന്നും കർഷക സംഘം ഭാരവാഹികൾ പറഞ്ഞു.