ഇടുക്കി: മലയാള ഭാഷയുടെ പ്രചാരണത്തിന് മലയാള സിനിമ വലിയ പങ്കുവഹിക്കുന്നതായി സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ പ്രദീപ് നായർ. ഇടുക്കി കളക്ട്രേറ്റിൽ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷവും മലയാള ഭാഷാവാരാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് മലയാള ദിനാഘോഷം സംഘടിപ്പിച്ചത്.യുവകവിയും പത്രപ്രവർത്തകനുമായ സന്ദീപ് സലിം മുഖ്യപ്രഭാഷണം നിർവഹിച്ചു. മലയാള ഭാഷയുടെ രൂപപ്പെടലും ഇന്നു കാണുന്ന ഭാഷയിലേക്കുള്ള രൂപാന്തരവും മാതൃഭാഷയുടെ പ്രാധാന്യവും സംബന്ധിച്ച്
അദ്ദേഹം പ്രഭാഷണം നടത്തി. ജില്ലാ കളക്ടർ എച്ച്. ദിനേശൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എഡിഎം ആന്റണി സ്‌കറിയ ഭാഷപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്‌കുമാർ, അസിസ്റ്റന്റ് എഡിറ്റർ എൻ.ബി ബിജു, തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തെ തുടർന്ന് കട്ടപ്പന ദേശത്തുടി ബാന്റിലെ ഐശ്വര്യ ഉത്തമനും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട് അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്കായി ഫോട്ടോ അടിക്കുറിപ്പ് മത്സരവും നടന്നു.. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യാ പൗലോസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിന്റു സുഭാഷ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി, ഗ്രാമപഞ്ചായത്തംഗം അമ്മിണി ജോസ്, ബാംബു കോർപറേഷൻ ചെയർമാൻ കെ.ജെ. ജേക്കബ്, എംഡി അബ്ദുൾ റഷീദ്, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അഗസ്റ്റിൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.കെ.ഷീല തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം
ഇടുക്കി കളക്ട്രേറ്റിൽ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷവും മലയാള ഭാഷാവാരാഘോഷവും പ്രദീപ് നായർ ഉദ്ഘാടനം ചെയ്യുന്നു.