jose-k-mani-

ഇടുക്കി: ജോസ് കെ. മാണി കേരള കോൺഗ്രസ് (എം) ചെയർമാനല്ലെന്ന് കട്ടപ്പന സബ് കോടതി ഇന്നലെ വിധിച്ചതിന് പിന്നാലെ പി. ജെ ജോസഫ് പക്ഷം കേരള കോൺഗ്രസ് നിയമസഭാ കക്ഷി തന്ത്രപരമായി പിടിച്ചടക്കി. ജോസ്. കെ മാണിക്ക് ഇരട്ടപ്രഹരമായ ഈ സംഭവവികാസങ്ങളോടെ പാർട്ടിയിൽ ജോസും ജോസഫും രണ്ട് വഴിക്കായെന്ന് ഉറപ്പായി.

ജോസ് കെ. മാണി ചെയർമാന്റെ അധികാരം പ്രയോഗിക്കുന്നത് തടഞ്ഞ ഇടുക്കി മുൻസിഫ് കോടതി വിധി ശരി വച്ചുകൊണ്ടാണ് കട്ടപ്പന സബ് കോടതി ഇന്നലെ വിധി വിധി പറഞ്ഞത്. തന്നെ ചെയർമാനായി തിരഞ്ഞെടുത്തത് ഇടുക്കി മുൻസിഫ് കോടതി സ്‌റ്റേ ചെയ്തതിനെതിരെ ജോസ് നൽകിയ അപ്പീൽ സബ് കോടതി തള്ളുകയായിരുന്നു.

അതിന് പിന്നാലെയാണ് നിയമസഭാ കക്ഷിയോഗം വിളിച്ച് ജോസഫ് നടത്തിയ അട്ടിമറി.

ജൂണിൽ കോട്ടയത്ത് ജോസ് വിഭാഗം വിളിച്ച ബദൽ സംസ്ഥാന കമ്മിറ്റി യോഗം ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്തതോടെയാണ് അധികാരത്തിനായുള്ള നിയമ പോരാട്ടങ്ങളുടെ തുടക്കം. ചെയർമാൻ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് കാണിച്ച് ജോസഫ് വിഭാഗം ആദ്യം തൊടുപുഴ മുൻസിഫ് കോടതിയെ സമീപിച്ചു. ഇത് അംഗീകരിച്ച കോടതി, ജോസ് ചെയർമാന്റെ പദവിയും അധികാരം നിർവഹിക്കുന്നതും തടഞ്ഞു. ചെയർമാന്റെ ഓഫീസിൽ പ്രവേശിക്കുന്നതും സീൽ ഉപയോഗിക്കുന്നതും തടഞ്ഞിരുന്നു. ഇതിനെതിരെ ജോസ് പക്ഷം ഹർജി നൽകി. തുടർന്ന് കേസ് പരിഗണിക്കുന്നതിൽ നിന്ന് തൊടുപുഴ മുൻസിഫ് പിൻമാറി. ഇതോടെയാണ് കേസ് ഇടുക്കി മുൻസിഫ് കോടതിയുടെ പരിഗണനയിൽ എത്തുന്നത്.

ജോസഫ് പക്ഷം സമ്പാദിച്ച സ്റ്റേ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന സബ്‌ കോടതിയിൽ ജോസും കെ.ഐ. ആന്റണിയുമാണ് അപ്പീൽ നൽകിയത്. ബദൽ സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചത് പാർട്ടി ഭരണഘന പ്രകാരമാണെന്നാണ് ജോസ് വിഭാഗത്തിന്റെ വാദം.