samaram

ഉടുമ്പൻചോല : പഞ്ചായത്തിലെ എഴുമലക്കുടിയിൽ നിന്നും സ്ളീവാമലയിലേക്കുള്ള റോഡ് പാടേ തകർന്ന് ചെളിക്കുഴിയായി മാറി. കുടിയിലെ നാൽപ്പതോളം ആദിവാസി കുടുംബങ്ങളെയും ഒന്നും രണ്ടും വാർഡുകളിലെ നുറ്റിയൻപതോളം കർഷക കുടുംബങ്ങളെയും പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഏക പാതയാണിത്. പ്രദേശത്തോടുള്ള അവഗണന അവസാനിപ്പിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ സമരത്തിലേയ്ക്ക് നീങ്ങുന്നു. കുടിയേറ്റ കാലത്ത് നിർമ്മിച്ച മൺറോഡ് വർഷങ്ങളായി അറ്റകുറ്റപ്പണി ചെയ്യാതെ കിടക്കുകയാണ്. പ്രളയകാലത്ത് മലമുകളിൽ നിന്നും ഒഴുകിയെത്തിയ മണ്ണും ചെളിയും കുഴികളിൽ കെട്ടിക്കിടന്നും കാട് കയറിയും ഗതാഗത യോഗ്യമല്ലാതായിട്ട് മാസങ്ങളായി. എട്ട് മാസം മുൻപ് തൊഴിലുറപ്പ് പദ്ധതിയിൽ റോഡ് നന്നാക്കാൻ പഞ്ചായത്ത് നാല് ലക്ഷം രൂപ അനുവദിച്ചിരുന്നു. മെറ്റിലും പാറപ്പൊടിയും ഇറക്കിയെങ്കിലും പണികളൊന്നും ചെയ്തില്ല. ഇടുങ്ങിയ റോഡിൽ മാർഗ്ഗതടസ്സമായി കിടന്ന ഇവയിൽ വാഹനങ്ങൾ കയറിയിറങ്ങി റോഡിൽ നിരന്ന് പാഴാകുകയും ചെയ്തു. പണികൾ ചെയ്യാതെ കരാറുകാരൻ ബില്ല് മാറിയെടുത്തു എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥ മൂലം ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇപ്പോൾ കടന്നുചെല്ലാതായിരിക്കുകയാണ്. റോഡിനോടുള്ള അവഗണയിൽ പ്രതിഷേധിച്ച് നാട്ടുകാർ ചേർന്ന് കഴിഞ്ഞ ദിവസം സൂചനാ സമരം നടത്തി. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സാന്റോച്ചൻ കൊച്ചുപുരയ്ക്കൽ, ബാബു മേലാളത്ത്, സണ്ണി നെല്ലിയാനി, രാമൻ എഴുമലക്കുടി എന്നിവർ നേതൃത്വം നൽകി.