തൊടുപുഴ: കട്ടപ്പന സബ്‌കോടതിയുടെ വിധി സംബന്ധിച്ച് ജോസ് കെ. മാണി സത്യത്തെ നഗ്നമായി വളച്ചൊടിക്കുകയാണെന്ന് കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിധിയിലെ പ്രസക്ത ഭാഗങ്ങൾ മറച്ചുവച്ച് കോടതിയുടെ നിരീക്ഷണങ്ങളെ ഉയർത്തിക്കാട്ടി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. സ്വന്തം പക്ഷത്തു നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനാണ് ജോസ് അഭ്യാസങ്ങളുമായി വരുന്നത്.
ഡ്രൈവിംഗ് പഠിച്ചിട്ടില്ലാത്ത ആശാന്മാരാണ് ജോസിന്റെ ഉപദേശകർ. ഒരാൾ പറഞ്ഞു ക്ലച്ച് ചവിട്ടാൻ, മറ്റൊരാൾ പറഞ്ഞു ഗിയർ മാറാൻ. അവസാനം വേറൊരാൾ പറഞ്ഞു ആക്സിലേറ്റർ ചവിട്ടാൻ. ഒറ്റ ചവിട്ട് വണ്ടി ഇടിച്ച് പഞ്ചറായി. റോഷി അഗസ്റ്റിനെയാണോ ഉദ്ദേശിച്ചതെന്ന ചോദ്യത്തിന് അദ്ദേഹത്തിന് ഡ്രൈവിംഗ് അറിയാമെന്നായിരുന്നു ജോസഫിന്റെ മറുപടി. പാർട്ടി നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാത്ത എം.എൽ.എമാർക്കെതിരെ നടപടി ഉണ്ടാകില്ല. അവർ സ്വയം ബോദ്ധ്യപ്പെട്ട് മടങ്ങിവരും.
വാക്ക് പാലിക്കുന്ന നേതാവായിരുന്നു കെ.എം. മാണി. ജോസിനെ പോലെ കൃത്രിമം കാണിക്കില്ല. വ്യാജരേഖ ചമച്ചതിന് ജോസിനെതിരെ കോട്ടയം കോടതിയിൽ കേസുണ്ട്. ചുരുങ്ങിയത് ഒരു കൊല്ലം കഠിനതടവ് കിട്ടാവുന്ന കുറ്റമാണത്. സംസ്ഥാന സമിതി വിളിച്ചുചേർത്ത് ചെയർമാനായതും ഇത്തരം പ്രവൃത്തികളിലൂടെയാണ്. യു.ഡി.എഫിനെ ഞാൻ കബളിപ്പിച്ചെന്ന് ജോസ് പറയുന്നതും കള്ളമാണ്. ഞാൻ മുന്നോട്ടു വച്ച നിർദേശങ്ങൾ അംഗീകരിക്കാത്തതിനാൽ പാലായിലെ സ്ഥാനാർത്ഥിക്ക് ചിഹ്‌നം നൽകില്ലെന്ന് യു.ഡി.എഫ് നേതൃത്വവുമായി നേരത്തെ ധാരണയുണ്ടായിരുന്നു.