തൊടുപുഴ: പട്ടയം റദ്ദാക്കൽ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ 11 മുതൽ 3 മണിവരെ സെക്രട്ടേറിയേറ്റിനു മുമ്പിൽ ഇടുക്കി ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ഉപവസിക്കും. 1964 ലെ ഭൂപതിവ് ചട്ടം കാലോചിതമായി, മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യണമെന്ന് ആവശ്യവുമായിട്ടാണ് നിയമസഭ നടക്കുന്ന വേളയിൽ ഇത്തരമൊരു സമരവുമായി തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുമ്പിൽ എത്തുന്നത്. ഇതോടനുബന്ധിച്ച് സമഗ്ര പരിഹാര നിർദ്ദേശങ്ങൾ അടങ്ങുന്ന നിവേദനം പ്രതിപക്ഷ നേതാവ് മുഖാന്തിരം മുഖ്യമന്ത്രിക്ക് സമർപ്പിക്കും.
ജില്ലയിലെ എട്ട് കേന്ദ്രങ്ങളിൽ നടത്തിയ രാപ്പകൽ സമരം, ജില്ലാ ഹർത്താൽ, യു.ഡി.എഫ്. സത്യാഗ്രഹം എന്നീ പരിപാടികൾക്കു ശേഷം നടക്കുന്ന സെക്രട്ടേറിയേറ്റ് ഉപവാസത്തിൽ ഡീൻ കുര്യാക്കോസ് എം.പി. അടക്കം ജില്ലയിലെ കോൺഗ്രസ്സിന്റെ ജനപ്രതിനിധികൾ, കെ.പി.സി.സി. അംഗങ്ങൾ, ഡി.സി.സി അംഗങ്ങൾ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, പോഷക സംഘടനാ ജില്ലാ ബ്ലോക്ക് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
11 ന് ആരംഭിക്കുന്ന ഉപവാസ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി. മുഖ്യാതിഥിയായിരിക്കും. 2.30 ന് ചേരുന്ന സമാപനം കോൺഗ്രസ്സ് പാർലിമെന്ററി പാർട്ടി ഉപനേതാവ് കെ.സി. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോൺഗ്രസ്സ് നേതാക്കളായ എ.കെ. മണി, ഇ.എം. ആഗസ്തി, എം.ടി തോമസ്, ജോയി തോമസ്, റോയി. കെ. പൗലോസ്, എസ്.അശോകൻ, പി.പി. സുലൈമാൻ റാവൂത്തർ, എം.കെ. പുരുഷോത്തമൻ, സി.പി. മാത്യു തുടങ്ങിയവർ പങ്കെടുക്കും.