തൊടുപുഴ : അഖിലേന്ത്യ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാജ്യത്തെ സാമ്പത്തിക തകർച്ച, രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, പെട്രോൾ, ഗ്യാസ് വിലവർദ്ധന, ആർ.സി.ഇ.പി. കരാർ എന്നിവയ്‌ക്കെതിരായുള്ള ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഡി. സി. സിയുടെ നേതൃത്വത്തിൽ ബുധനാഴ്ച്ച ചെറുതോണിയിൽ സായാഹ്നധർണ്ണ നടത്തും. വാളയാറിൽ മൃഗീയമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ നടക്കുന്ന നീതി നിഷേധവും ധർണ്ണയിൽ ഉയർത്തിക്കാട്ടും.
ആർ.സി.ഇ.പി. കരാർമൂലം ക്ഷീരകർഷകമേഖലയുൾപ്പെടെ കാർഷികരംഗത്തുണ്ടാവാൻ പോകുന്ന ഭയാനകമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വൻ പ്രക്ഷോഭങ്ങൾക്കും തുടർ സമരങ്ങൾക്കും അന്ന് തുടക്കം കുറിക്കും.
ജില്ലയിലെ പട്ടയക്രമീകരിക്കൽ ഉത്തരവുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന്റെ സാഹചര്യങ്ങളും സായാഹ്ന ധർണ്ണയിൽ ഉന്നയിക്കുമെന്ന് ഡി.സി.സി. പത്രക്കുറിപ്പിൽ അറിയിച്ചു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അധ്യക്ഷത വഹിക്കുന്ന സായാഹ്ന ധർണ്ണ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കൾ പങ്കെടുക്കും.