തൊടുപുഴ: തൊടുപുഴ മണ്ഡലത്തിലെ 182 വാർഡുകളിലെയും എല്ലാ വീടുകളിലും മാലിന്യ സംസ്‌കരണ സംവിധാനം അടുത്ത വർഷം പൂർത്തീകരിക്കുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ. പുറപ്പുഴ പഞ്ചായത്തിലെ നെടിയശാല ഹരിതവാർഡാക്കുന്നതിന് മുന്നോടിയായി ആകെയുള്ള 235 വീടുകൾക്കും സൗജന്യമായി മാലിന്യ സംസ്‌കരണ ഉപാധികൾ വിതരണം ചെയ്യുകയായിരുന്നു എം.എൽ.എ.
ജില്ലാ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തൊടുപുഴ ലയൺസ് ക്ലബ്, ഗാന്ധിജി സ്റ്റഡി സെന്റർ, വഴിത്തല ശാന്തിഗിരി കോളജ് എന്നിവയാണ് പുറപ്പുഴ പഞ്ചായത്തിന്റെ ഈ പദ്ധതി പ്രാവർത്തികമാക്കിയത്. ഇന്നലെ വൈകിട്ട് ഉറവിട മാലിന്യ സംവിധാനം എല്ലാ വീടുകളിലും എത്തിച്ചുകൊടുത്തു. ആവശ്യമായ ഇനാക്വലവും (ചാണകപ്പൊടിയും മണ്ണും കലർന്ന മിശ്രിതം) നൽകി. സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി അദ്ധ്യക്ഷയായിരുന്നു. ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ജി. എസ്. മധു പ്രോജക്ട് വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ, ബ്ലോക്ക് പ്രസിഡന്റ് സിനോജ് ജോസ്, മെമ്പർ ലീലാമ്മ ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെനീഷ് മാത്യു, വാർഡ് മെമ്പർ സിനി ജസ്റ്റിൻ, ശാന്തിഗിരി കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ബോബി ആന്റണി, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ ടി.സി. അജേഷ്, പുറപ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ് ജോൺസൺ ജോസഫ് എന്നിവർ സംസാരിച്ചു.
"ഓരോ പഞ്ചായത്തും അവരുടെ പ്ലാൻ ഫണ്ടിന്റെ 20ശതമാനമെങ്കിലും മാലിന്യപരിപാലനത്തിനായി നീക്കിവയ്ക്കണം. ഇക്കാര്യത്തിൽ വ്യക്തമായ പ്രോജക്ടുകൾ ഈ വർഷം തന്നെ തയ്യാറാക്കണം. മാലിന്യ സംസ്‌കരണ ഉപാധികൾ എല്ലാ വീടുകളിലും ഉറപ്പാക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതിയുടെ കർശന വ്യവസ്ഥകളിൽ മാറ്റം വരുത്തണം.
പി.ജെ. ജോസഫ് എം.എൽ.എ