10772 വീടുകൾ ഡിസംബർ 31 നകം പൂർത്തീകരിക്കും

ഇടുക്കി: സമ്പൂർണ്ണ ഭവനനിർമ്മാണ പദ്ധതിയായ ലൈഫ് മിഷനിൽ ജില്ലയിൽ ഇതുവരെ 4500 കുടുംബങ്ങൾക്ക് വീടായി. ഭൂമിയുള്ള ഭവനരഹിതരായ കുടുംബങ്ങൾക്ക് ഭവനം ലഭ്യമാക്കുന്ന രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് ഇത്രയും വീടുകൾ പൂർത്തീകരിച്ചത്. ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമായി ഭവനരഹിതരായ 10772 പേർ ഇതുവരെ കരാർ ഒപ്പിട്ട് നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ഇവയുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലായി പരോഗമിക്കുകയാണ്. പൂർത്തിയായ വീടുകൾക്ക് പുറമെ 1550 വീടുകൾ മേൽക്കൂരവരെയും , 2477 വീടുകൾ ലിന്റൽ വരെയും, 2208 വീടുകൾ ബേസ്‌മെന്റ് വരെയും പൂർത്തീകരിച്ചിട്ടുണ്ട്. ഒരു കുടുംബത്തിന് 4 ഗഡുക്കളായി 4 ലക്ഷം രൂപയാണ് ഭവനനിർമ്മാണത്തിന് ധനസഹായമായി നൽകുന്നത്. കൂടാതെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബത്തിന് 90 തൊഴിൽ ദിനങ്ങൾ നൽകുന്നതിലൂടെ 25000 രൂപയോളം അധികം ലഭ്യമാക്കുന്നുണ്ട്.
ജില്ലയിൽ ഏറ്റവും കുറവ് ഗുണഭോക്താക്കൾ ഉള്ളത് മൂന്നാർ ഗ്രാമപഞ്ചായത്തിലും ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ ഉള്ളത് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലുമാണ്. മൂന്നാറിൽ 23 ഉം വണ്ടിപ്പെരിയാറിൽ 1065 വീടുകളുമാണ് പൂർത്തീകരിക്കാൻ ഉള്ളത്.
രണ്ടാംഘട്ടത്തിൽ കരാർ ഒപ്പുവെച്ച എല്ലാ ഭവനങ്ങളും ഡിസംബർ 31 ഓടെ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ.പ്രവീൺ അറിയിച്ചു.

മൂന്നാംഘട്ടത്തിനും തുടക്കമായി

ലൈഫ് മിഷൻ മൂന്നാംഘട്ടമായി നടപ്പിലാക്കുന്ന ഭൂരഹിത ഭവനരഹിതരുടെ ഭവനനിർമ്മാണത്തിനുള്ള ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ടവരുടെ അർഹതാ പരിശോധന ജില്ലയിൽ പൂർത്തിയായി വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തയ്യാറാക്കിയ ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ട 5087 പേരാണ് ഇതുവരെ ആവശ്യമായ രേഖകളുമായി എത്തി അർഹത തെളിയിച്ചിട്ടുള്ളത്. ഇവരുടെ വിവരങ്ങൾ ഇതിനായി തയ്യാറാക്കിയ സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു.

സംസ്ഥാനത്ത് ആദ്യമായി അടിമാലിയിലെ മച്ചിപ്ലാവിൽ നിർമ്മിച്ച കെട്ടിട സമുച്ചയം ഭൂരഹിത ഭവനരഹിതർക്ക് കൈമാറിക്കഴിഞ്ഞു. കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലാണ് ഭവന സമുച്ചയം ഒരുങ്ങുന്നത്. ഇതിന്റെ ടെണ്ടർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

വാത്തിക്കുടി, രാജാക്കാട്, കാഞ്ചിയാർ, വണ്ടിപ്പെരിയാർ, പെരുവന്താനം, കട്ടപ്പന മുൻസിപ്പാലിറ്റി തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുംകൂടി ഭവനസമുച്ചയം നിർമ്മിക്കുന്നതിന് സർക്കാരിന്റെ ഭരണാനുമതി ലഭിച്ചുകഴിഞ്ഞു. ബാക്കിയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉള്ള ഭൂരഹിത ഭവനരഹിതരെ പുനരധിവസിപ്പിക്കാനുള്ള ഭൂമി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ജില്ലാ കളക്ടർ ചെയർമാനായ ജില്ലാതല കർമ്മ സമിതിയുടെ നേതൃത്വത്തിൽ ബ്ലോക്ക്തല കർമ്മ സമിതി യോഗങ്ങൾ ചേർന്ന് ഇതിന് യോജ്യമായ 45 ഏക്കറോളം ഭൂമി കണ്ടെത്തി. റവന്യൂ വകുപ്പിന്റെ 27 ഏക്കറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈവശമുള്ള 15 ഏക്കറും എക്‌സൈസ് വകുപ്പിന്റെ കീഴിലുള്ള 3 ഏക്കറും ഉൾപ്പെടുന്നു.