രാജാക്കാട്: കൊച്ചി- ധനുഷ്‌കോടി ദേശീയപാത രാജാക്കാട് വഴി ഗതിമാറ്റിവിടണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീയപാതയിലെ ദേവികുളം ഗ്യാപ്പ് ഭാഗത്ത് തുടർച്ചയായി ഉണ്ടാകുന്ന മലയിടിച്ചിൽ യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷിതത്വത്തിന് വലിയ ഭീഷണി ആയിരിക്കുന്ന സഹചര്യത്തിലാണ് ഈ ആവശ്യം ഉയരുന്നത്. മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 41 കിലോമീറ്റർ ദൂരം വീതി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ചെങ്കുത്തായ പാറക്കെട്ടുകൾ നിറഞ്ഞ ലോക്ക് ഹാർട്ട് ഭാഗത്ത് വൻ സ്‌ഫോടനങ്ങൾ നടത്തിയതിനെ തുടർന്ന് ഒരു വർഷത്തിനിടെ നിരവധി തവണ മലയിടിച്ചിലുകൾ ഉണ്ടായി. ഒരാൾ മരിക്കുകയും മറ്റൊരാളെ കാണാതാകുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറികളടക്കം നിരവധി വാഹനങ്ങൾ തകരുകയും മലയടിവാരത്ത് നിരവധിയേക്കർ കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തു. മുട്ടുകാട് കോമാളിക്കുടി മേഖലയിലെ ജനജീവിതം തന്നെ ഭീഷണിയിൽ ആയിരിക്കുകയുമാണ്. ഇടിഞ്ഞ റോഡ് ഭാഗം പുനർ നിർമ്മിക്കാൻ കോടിക്കണക്കിന് രൂപ ആവശ്യമായി വരും. വർഷങ്ങൾകൊണ്ട് മാത്രമേ ജോലികൾ പൂർത്തീകരിക്കാൻ കഴിയൂ. ഘടനാപരമായി ഇളക്കം തട്ടിയ പരിസ്ഥിതി ദുർബല പ്രദേശമായതിനാൽ ഭാവിയിൽ ഇടിച്ചിലുണ്ടാകാനുള്ള സാദ്ധ്യത ഒഴിവാക്കാനുമാകില്ല. ഹൈവേ അടച്ചതിനൊപ്പം മൂന്നാറിനും പൂപ്പാറയ്ക്കും ഇടയിലുള്ള ഗതാഗതം മാസങ്ങളായി രാജകുമാരി- രാജാക്കാട് കുഞ്ചിത്തണ്ണി വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നത്.
ആവശ്യമിങ്ങനെ
റോഡിന് പലയിടത്തും വീതി കുറവായതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ദേശീയപാതയിലെ രണ്ടാം മൈലിൽ ആരംഭിച്ച് ചിത്തിരപുരം, ആഡിറ്റ്, കുഞ്ചിത്തണ്ണി, രാജാക്കാട്, രാജകുമാരി വഴി പൂപ്പാറയ്ക്ക് ഉള്ള റോഡ് എൻ. എച്ച്. 85 ന്റെ ഭാഗമാക്കിക്കൊണ്ട് വീതി വർദ്ധിപ്പിക്കുന്ന പക്ഷം വൻ ചെലവ് കൂടാതെതന്നെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരമാകും.
ഗുണം മെച്ചം
ഗ്യപ്പ് റോഡ് വഴി മൂന്നാറിലെത്താൻ 35 കിലോമീറ്ററിലധികം ദൂരമുള്ളപ്പോൾ ഈ റൂട്ടിൽ 25 കിലോമീറ്ററോളം സഞ്ചരിച്ചാൽ മതിയാകുമെന്ന മെച്ചവുമുണ്ട്. മൂന്നാർ മേഖലയിലെ ട്രാഫിക്ക് കുരുക്കിനും പരിഹാരമാകും.