തൊടുപുഴ: നഗരത്തിലെ ഗുരുതരമായ ട്രാഫിക് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ട്രാഫിക് അഡ്വൈസറി കമ്മിറ്റി വിളിച്ചു ചേർക്കാൻ തയ്യാറാകാതെ വഴിക്കണ്ണ് പദ്ധതിയുടെ ഭാഗമായ ലോക് അദാലത്ത് നിർദ്ദേശങ്ങൾ കൗൺസിൽ യോഗത്തിൽ തള്ളിക്കളഞ്ഞ മുൻസിപ്പൽ ചെയർപേഴ്‌സണിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് 'ട്രാക്ക്". മൂന്നു വർഷമായി തൊടുപുഴയിൽ ട്രാഫിക് അഡ്വൈസറി കമ്മിറ്റി കൂടിയിട്ട്.തൊടുപുഴ മുനിസിപ്പൽ കൗൺസിൽ പ്രത്യേക കത്തുനൽകി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് വഴിക്കണ്ണ് പദ്ധതിയുടെ ഭാഗമായി ലീഗൽ സർവീസസ് അതോറിട്ടിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ ട്രാഫിക് ലോക അദാലത്ത് നടന്നത്. സർക്കാർ ഉദ്യോഗസ്ഥരോടൊപ്പം ജനങ്ങളും പങ്കെടുത്ത അദാലത്തിൽ മുൻസിപ്പൽ ചെയർപേഴ്‌സൺ ഉൾപ്പെടെ ഭൂരിപക്ഷം കൗൺസിലർമാരും പങ്കെടുത്തു. ഒരു വർഷക്കാലം നീണ്ടു നിന്ന ജനകീയ സർവ്വേ കളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ രൂപംകൊണ്ട നിഗമനങ്ങളാണ് അദാലത്തിൽ അവതരിപ്പിച്ചത്. ഇവയിൽ തർക്കങ്ങൾ ഇല്ലാത്ത കാര്യങ്ങൾ നടപ്പാക്കുകയും മറ്റുവിഷയങ്ങൾ ട്രാഫിക് അഡ്വൈസറി കമ്മിറ്റി 30 ദിവസത്തിനുള്ളിൽ വിളിച്ചുകൂട്ടി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമുള്ള ഉത്തരവ് ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുമുണ്ട്. ഹൈക്കോടതി ജഡ്ജി, ജില്ല ജഡ്ജി എന്നിവർ പങ്കെടുത്തു ജനപങ്കാളിത്തത്തോടെ നടത്തിയ അദാലത്തിൽ എടുത്ത തീരുമാനങ്ങൾക്ക് ഒരു പരിഗണനയും കൊടുക്കാതെയാണ് ചെയർപേഴ്‌സൺ കൗൺസിലിൽ നിലപാട് സ്വീകരിച്ചത്. വിവിധ സർക്കാർ വകുപ്പുകൾ ഏകോപിപ്പിച്ചുകൊണ്ട് ലീഗൽ സർവീസ് അതോറിട്ടിയുടെ സഹകരണത്തോടെ മുനിസിപ്പൽ കൗൺസിൽ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ നടപ്പാക്കേണ്ട പദ്ധതിയാണ് മുൻസിപ്പൽ കൗൺസിൽ ഉദാസീനത മൂലം അവതാളത്തിലായത്. ഉടൻ ട്രാഫിക് അഡ്വൈസറി കമ്മിറ്റി വിളിച്ചില്ലെങ്കിൽ ട്രാക്കിന്റെ ആഭിമുഖ്യത്തിൽ വഴിക്കണ്ണുമായി സഹകരിച്ച തൊടുപുഴയിലെ മുഴുവൻ സംഘടനകളെയും ജനങ്ങളെയും സംഘടിപ്പിച്ച സമരപരിപാടികൾക്ക് നേതൃത്വം നൽകും. ആവശ്യമെങ്കിൽ കോടതിയെയും സമീപിക്കും. തുടർ നടപടികൾ ആലോചിക്കുന്നതിന് എട്ടിന് വൈകിട്ട് അഞ്ചിന് ട്രാക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തുടർന്ന് ആറിന് വഴിക്കണ്ണ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കമ്മിറ്റി യോഗവും തൊടുപുഴയിൽ കൂടുമെന്ന് ട്രാക്ക് പ്രസിഡന്റ് ജെയിംസ് ടി. മാളിയേക്കൽ സെക്രട്ടറി സണ്ണി തെക്കേക്കര എന്നിവർ അറിയിച്ചു.