ഇടുക്കി: ബാർഹോട്ടലുകളുടെ പ്രവർത്തനസമയം രാവിലെ 10 മുതൽ രാത്രി 10 വരെ ആക്കണമെന്ന് ആൾ കേരള ബാർ ഹോട്ടൽസ് & റെസ്റ്റോറന്റ് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. മാന്യമായ സേവനവേതന വ്യവസ്ഥകൾ നടപ്പിലാക്കണം, മിനിമം വേതനം 18,000 രൂപയാക്കി നിജപ്പെടുത്തണം, ഇ.പി.എഫ്, ഇ.എസ്.ഐ, അബ്‌കാരി തൊഴിലാളി ക്ഷേമനിധി, ലേബർ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരുടെ പരിശോധന ജില്ലയിൽ കർശനമാക്കണം എന്നീ ആനുകൂല്യത്തിന്റെ പരിധിയിൽ തൊഴിലാളികളെപ്പെടുത്തണം എന്നിവയും കൺവെൻഷൻ ആവശ്യപ്പെട്ടു. സി.പി.എം തൊടുപുഴ ഏരിയാ കമ്മിറ്റി ഓഫീസിൽ സംഘടനാ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഇരുമ്പ വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ ട്രഷറർ കെ.വി. ശശി ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ ഐഡന്റിറ്റി കാർഡ് വിതരണം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. സോമൻ നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദുബു മംഗലശേരി റിപ്പോർട്ട് അവതരിപ്പിച്ചു. നേതാക്കളായ ശ്രീകുട്ടൻ, സന്തോഷ്‌പേരൂർ, ദിലീപ് കുമാർ, വി.വി. ബൈജു, മണികണ്ഠൻ, രാജേഷ് രാജു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.ആർ. സോമൻ (പ്രസിഡന്റ്), ബിനോയി ഐപ്പ് (സെക്രട്ടറി), മാത്യു ജോസഫ്, ബിജു (വൈസ് പ്രസിഡന്റുമാർ), ബേബിച്ചൻ സെബാസ്റ്റ്യൻ, അജി ജോണി (ജോയിന്റ് സെക്രട്ടറിമാർ), ദിലീപ് കുമാർ പി.കെ (ട്രഷറർ), മാത്യു പി. മുണ്ടയ്ക്കൽ, ബിജു ഷാജു, ബിറ്റോൺ, സഞ്ജയ് എന്നിവരെ കമ്മിറ്റി മെമ്പർമാരായും തിരഞ്ഞെടുത്തു.