മറയൂർ: മറയൂർ- മൂന്നാർ പാതയിൽ കോഫിസ്റ്റോർ ഭാഗത്ത് ആരാധനാലയങ്ങളും കടകളും കുത്തി തുറന്ന് വ്യാപകമോഷണം. ശനിയാഴ്ച രാത്രി പൂട്ട് പൊളിച്ചാണ് മോഷണം നടന്നിരിക്കുന്നത്. സെന്റ് സെബാസ്റ്റ്യൻ കത്തോലിക്ക ദേവാലയം സമീപത്തുള്ള, ഫെയ്ത്ത് ബിവിലേഴ്സ് മൂവമെന്റ് ദേവാലയം, തലയാർ ഡിസ്‌പെൻസറി, കോഫീസ്റ്റോർ ഭാഗത്തുള്ള വ്യാപാരസ്ഥാപനം, സമീപത്തുള്ള വീട്, ലക്കം വെള്ളച്ചാട്ടത്തിന് സമീപത്തുള്ള പെട്ടിക്കട എന്നിവടങ്ങളിലാണ് കള്ളൻ കയറിയത്.
കോഫീസ്റ്റോർ ഭാഗത്തുള്ള പള്ളിയുടെ പൂട്ട് തകർത്ത് അകത്ത് കടന്ന് അൾത്താരയിൽ നിന്ന് നേർച്ചപെട്ടി എടുത്ത് പിൻ വശത്തെ മുറിയിൽ കൊണ്ടുവന്ന് പൂട്ട് തകർത്തശേഷം പണം കവരുകയായിരുന്നു. എല്ലാ വർഷവും ഡിസംബറിൽ ക്രിസ്തുമസിനോടനുബന്ധിച്ചാണ് നേർച്ചപ്പെട്ടി തുറക്കാറുള്ളത്. ഏകദേശം മൂവായിരത്തിനും നാലായിരത്തിനുമിടയിൽ പണമുണ്ടാകുമെന്ന് പള്ളി അധികൃതർ പറഞ്ഞു. നേർച്ചപ്പെട്ടിയിൽ നിന്നുള്ള പഴകിയനോട്ടുകൾ മുറിയിൽ തന്നെ ഉപേക്ഷിച്ചാണ് മടങ്ങിയത്. പിൻ വശത്തുള്ള സങ്കീർത്തിയിലെ അലമാരയും തുറന്ന് സാധനങ്ങൾ വാരിവലിച്ച് പുറത്തിട്ട നിലയിയാണ്. രാവിലെ ആറുമണിയോടെ പള്ളിയിലെത്തിയ ദൈവാലയ ശുശ്രൂഷി സ്റ്റീഫനാണ് പൂട്ട് തകർന്ന് കിടക്കുന്നതും അലമാരി തുറന്ന് കിടക്കുന്നതും കണ്ടത്. പിന്നീട് മറയൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. മോഷണം നടന്നതിനെ തുടർന്ന് ഞായറാഴ്ച വിശ്വാസികൾ എത്തിയെങ്കിലും കുർബാന നടത്താനായില്ല. സമീപത്ത് വീടിനോട് ചേർന്ന് മുരുകനും സെൽവിയും ചേർന്ന് നടത്തുന്ന സ്റ്റേഷനറി കടയുടെ വാതിൽ തകർത്ത് കടയ്ക്കുള്ളിലെ മേശ കുത്തിതുറന്ന് പാചക വാതക ഇന്ധനം വാങ്ങുന്നതിനും മറ്റും സൂക്ഷിച്ചിരുന്ന 4000 രൂപ കവർന്നു. പള്ളിയിൽ മോഷണം നടന്നതറിഞ്ഞ് ചെന്ന് നോക്കിയപ്പോഴാണ് കടയിലെ കവർച്ചയറിഞ്ഞത്. ഇവിടെ നിന്ന് 100 മീറ്റർ മാത്രം അകലയുള്ള ഫെയ്ത്ത് ബിലീവേഴ്സ് മൂവ്‌മെന്റ് ദേവാലയത്തിന്റെ പൂട്ട് തകർത്ത് അകത്ത് കയറി മേശയ്ക്കുള്ളിൽ നിന്ന് ബൈബിൾ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ പുറത്തിട്ട നിലയിലാണ്. പള്ളിക്കുള്ളിൽ പണം സൂക്ഷിക്കാറില്ലാത്തതിനാൽ മോഷണം ഒന്നും നടന്നിട്ടില്ലെന്ന് പാസ്റ്റർ ജോർജ്ജ് പറഞ്ഞു. രാവിലെ പള്ളിയിലെ ലൈറ്റ് ഓഫാക്കാൻ എത്തിയപ്പോഴാണ് വാതിൽ തകർത്തത് ശ്രദ്ധയിൽപ്പെട്ടത്. സമീപ വാസിയായ മുരുകന്റെ വീടിന്റെ അടുക്കള തുറന്ന് പാത്രങ്ങളും മറ്റും മാറ്റിവെച്ച നിലയിലാണ്. അടുക്കള വാതിൽ തുറന്നെങ്കിലും മറ്റ് മുറികളിലേക്ക് കടന്നില്ല. ഒന്നും മോഷ്ടിക്കപ്പെട്ടില്ലെന്ന് മുരുകൻ പറയുന്നു. എസ്റ്റേറ്റിലെ തൊഴിലാളികൾക്കായി പ്രവർത്തിക്കുന്ന ഡിസ്‌പെൻസറിയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് അലമാരിയും മറ്റും തുറന്ന് സാധനങ്ങൾ പുറത്തിട്ട നിലയിലാണ്. ലക്കം വെള്ളം ചാട്ടത്തിന് സമീപത്തുള്ള പെട്ടികടയിലും മോഷണ ശ്രമം നടത്തി. മോഷണവും വാതിലുകൾ കുത്തി തുറന്ന് സ്ഥലങ്ങളിലെല്ലാം മറയൂർ പൊലീസ് എത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.