തൊടുപുഴ: തുടർച്ചയായി മണ്ണിടിച്ചിൽ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഗ്യാപ് റോഡിലെ നിർമ്മാണ പ്രവർത്തനങ്ങൾ ശാസ്ത്രീയ പഠനത്തിന് ശേഷം നടത്തുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ ശുപാർശയനുസരിച്ച് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായി മണ്ണിടിച്ചിൽ ഉണ്ടാകുകയും രണ്ട് തൊഴിലാളികൾ മരണമടയുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവച്ചത്. തുടർന്നുള്ള നി‌ർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാദ്ധ്യമാണോയെന്ന് ശാസ്ത്രീയ പഠനം നടത്തും. എൻ.ഐ.ടിയോട് അടിയന്തിരമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ദുരന്ത നിവാരണ അതോറിട്ടിയും ബന്ധപ്പെട്ട വകുപ്പുകളും വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും എം.പി അറിയിച്ചു.