രാജകുമാരി: കാന്തിപ്പാറയിലെ പള്ളിയിൽ കുർബാനയ്ക്ക് എത്തിയവരുടെ രണ്ട് ഇരുചക്രവാഹനങ്ങൾ കടത്തികൊണ്ട് പോയി ഒന്ന് സെമിത്തേരിയിൽ ഉപേക്ഷിക്കുകയും മറ്റൊന്നിന് കേടുപാടുകൾ വരുത്തുകയും ചെയ്ത വിദ്യാർഥിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. രണ്ട് പേർ ഓടി രക്ഷപെട്ടു. കഴിഞ്ഞ ദിവസം കാന്തിപ്പാറ സ്വദേശിയുടെ സ്‌കൂട്ടർ ഒരു കിലോമീറ്റർ അകലെയുള്ള പ്ലൈയിൻ പാറയിൽ എത്തിച്ച് തല്ലി തകർക്കാൻ ശ്രമിച്ചതും ഇവരാണെന്നാണ് നാട്ടുകാരുടെ ആരോപണം. സമീപത്തെ എയ്ഡഡ് സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് മൂന്നു പേരും. നാട്ടുകാർ പിടികൂടിയ കുട്ടിയിൽ നിന്ന് കൂടെയുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. പരാതി ഇല്ലാത്തതിനാൽ മൂന്ന് പേരുടെയും രക്ഷകർത്താക്കളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി താക്കീത് നൽകി വിട്ടയച്ചു.