തൊടുപുഴ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണക്കാട് യൂണിറ്റ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷാ വാരാചരണം അഞ്ചിന് വൈകിട്ട് അഞ്ചിന് സാംസ്കാരിക വേദി ഹാളിൽ നടക്കും. സാംസ്കാരികവേദി കൺവീനർ വി.എസ് ബാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിക്കും. കേരളം മലയാളികളുടെ മാതൃഭൂമി എന്ന വിഷയത്തിൽ പി.പി സൂര്യകുമാർ പ്രഭാഷണം നടത്തും.

അദാലത്ത്

തൊടുപുഴ: മുൻഗണനാ വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റി കിട്ടുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് അഞ്ചിന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ചെറുതോണിയിലുള്ള ഇടുക്കി താലൂക്ക് സപ്ളൈ ഓഫീസിൽ അദാലത്ത് നടത്തും. നേരത്തെ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് അനുബന്ധ രേഖകളുമായി അദാലത്തിൽ പങ്കെടുക്കാം. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാമെന്ന് ഇടുക്കി താലൂക്ക് വികസന ഓഫീസർ അറിയിച്ചു.

കേരളപ്പിറവി ഋണ മുക്തി ക്യാമ്പ്

തൊടുപുഴ: ഭാരതീയ സ്റ്റേറ്റ് ബാങ്ക് റീജണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ 'ഋണ മുക്തി" എന്ന പേരിൽ കടബാധ്യത നിവാരണ ക്യാമ്പ് നടത്തി. ബാങ്ക് ജനറൽ മാനേജർ അരവിന്ദ് ഗുപ്ത,​ ഡെപ്യൂട്ടി ജനറൽ മാനേജർ ശിവാനന്ദ എച്ച്.എസ്,​ റീജണൽ മാനേജർ മാർട്ടിൻ ജോസ് എന്നിവർ പങ്കെടുത്തു. മുന്നൂറോളം പേർ പങ്കെടുത്ത ക്യാമ്പിൽ കുടിശ്ശിഖ വായ്പകളുടെ പലിശയിലും പിഴപ്പലിശയിലും മുതലിലും ഇളവുകൾ നൽകി ഒത്തുതീർപ്പാക്കി.

സി.എസ്.ഡി.എസ് പ്രതിഷേധിച്ചു

തൊടുപുഴ: വാളയാർ കൊലപാതകത്തിൽ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സി.എസ്.ഡി.എസ് തൊടുപുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തി. സെക്രട്ടറി മാത്യു വർഗീസിന്റെ അദ്ധ്യക്ഷതയിൽ താലൂക്ക് പ്രസിഡന്റ് മനോജ് ആന്റണി ഉദ്ഘാടനം ചെയ്തു. പ്രതിഷേധ മാർച്ചിന് മാത്യു ജോൺ,​ ബിനു ജേക്കബ്,​ സാം മടയാനി,​ സിജു ആലക്കോട്,​ ബിജു അമയപ്ര,​ ജോസ് പൂമാല,​ സന്തോഷ് കൈപ്പ എന്നിവർ നേതൃത്വം നൽകി.