തൊടുപുഴ: ഒരു കാലത്ത് നിരവധി ദേശീയ- അന്തർദേശീയ കായികതാരങ്ങൾ ചികിത്സയ്ക്കായി എത്തിയിരുന്ന തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രി വീണ്ടും പഴയ പ്രതാപത്തിലേക്ക്. ആശുപത്രിയിലെ ചികിത്സയുടെ പെരുമ കേട്ടറിഞ്ഞ് വീണ്ടും പ്രമുഖ കായികതാരങ്ങൾ തൊടുപുഴയിലെത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേശീയ- അന്തർദേശീയ കായികതാരങ്ങളാണ് ചികിത്സ തേടി ജില്ലാ ആയുർവേദ ആശുപത്രിയിലെത്തിയിരിക്കുന്നത്. 2013 ലെ ദക്ഷിണേഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400, 800 മീറ്ററുകളിലെ സ്വർണമെഡൽ ജേതാവും ഹരിയാനയിൽ നിന്നുള്ള അത്‌ലറ്റുമായ അർജുൻ കെ. ഖോക്കറാണ് പ്രമുഖരിലൊരാൾ. വലതുകാൽ പേശിയിലും പിൻതുടയിലെ ഞരമ്പുകൾക്കും പരിക്കേറ്റ അർജുന് പത്തുദിവസത്തെ ചികിത്സയാണ് നൽകുന്നത്. മലയാളിയായ അത്‌ലറ്റ് സജി ജോസഫിൽ നിന്നാണ് തൊടുപുഴ ആയുർവേദാശുപത്രിയെക്കുറിച്ച് മനസിലാക്കിയത്. ഹരിയാന സ്വദേശിയും നടത്ത മത്സരത്തിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ ജേതാവുമായ രവീണയും ചികിത്സയിലുണ്ട്. സ്റ്റീപ്പിൾചേസ് ദേശീയ ചാമ്പ്യനും യു.പിയിൽ രാഹുൽഗാന്ധിയുടെ മണ്ഡലമായിരുന്ന അമേഠിക്കാരനുമായ ഉപേന്ദ്രപാലും ആയുർവേദ പെരുമകേട്ടറിഞ്ഞെത്തിയിട്ടുണ്ട്. ഇവർക്കു പുറമെ ഏതാനും മലയാളി കായികതാരങ്ങളും ഇവിടെ ചികിത്സയിലുണ്ട്. ബോക്‌സിംഗിൽ ഈ വർഷം സംസ്ഥാനതലത്തിൽ വെള്ളിമെഡൽ ജേതാവായ കണ്ണൂർ സ്വദേശിനി ജ്യോതിക ജനീഷ്, കുളമാവ് നവോദയ സ്‌കൂളിൽ നിന്നുള്ള ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ താരവുമായ അതുൽ തോമസ്, വോളിബോളിൽ സ്വർണമെഡൽ ജേതാവായ കോഴിക്കോട് സ്വദേശി ആരോൺ ഡേവിഡ് ഡാനിയേൽ എന്നിവരാണ് ചികിത്സയിലുള്ള മറ്റുള്ള താരങ്ങൾ. കൈകാലുകൾക്കും പേശികൾക്കുമാണ് പ്രധാനമായും പരിക്ക്. ഇവ സുഖപ്പെടുത്താൻ പഞ്ചകർമചികിത്സകളാണ് നൽകുന്നത്.
പുതിയ ബ്ലോക്ക് സൗകര്യപ്രദം
മാർച്ചിൽ ഉദ്ഘാടനം ചെയ്ത ഇരുനിലകളിലുള്ള പേ വാർഡ് ബ്ലോക്ക് കായികതാരങ്ങൾക്ക് മുമ്പത്തേക്കാൾ കൂടുതൽ സൗകര്യങ്ങൾ നൽകുന്നുണ്ട്.
വർഷങ്ങളായുള്ള ആശുപത്രിയുടെ പരിമിതിക്ക് പരിഹാരമായാണ് 1.18 കോടിയിലേറെ തുക ചെലവഴിച്ച് പുതിയ ബ്ലോക്ക് നിർമിച്ചത്. ഇതിൽ മികച്ച ഒമ്പത് പേവാർഡുകൾ, രണ്ട് ഡോർമെറ്ററി, രണ്ട് പഞ്ചകർമ്മ ചികിത്സാമുറികൾ, മിനി ഓപ്പറേഷൻ തിയറ്റർ, ക്ഷാരസൂത്ര തിയറ്റർ, ഫിസിയോതെറാപ്പി യൂണിറ്റ്, ക്ലിനിക്കൽ ലാബ് എന്നിവയാണുള്ളത്.
നേതൃത്വം നൽകുന്നത് ഇവർ
സ്‌പോർട്‌സ് ആയുർവേദ വിഭാഗം കൺവീനർ ഡോ. രോഹിത് ജോൺ, മർമ സ്‌പെഷ്യലിസ്റ്റ് ഡോ. അനുപ്രിയ, സ്‌പോർട്‌സ് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. നീത പോൾ എന്നിവരാണ് ചികിത്സകൾക്ക് നേതൃത്വം നൽകുന്നത്.