ഇടുക്കി: കെ.എസ്.ആർ.ടി.സിയിലെ ശമ്പളവിതരണത്തിലെ അനിശ്ചിതത്വത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അനുകൂല സംഘനയായ ട്രാൻസ്പോർട്ട് ‌ഡെമോക്രാറ്റിക് ഫെഡറേഷൻ (ഡി.ടി.എഫ്) ​നടത്തുന്ന ഏകദിന സൂചനാ പണിമുടക്ക് ജില്ലയിലെമ്പാടുമുള്ള ആയിരക്കണക്കിന് യാത്രക്കാരെ വലച്ചു. 20 ശതമാനത്തിൽ താഴെ സർവീസുകൾ മാത്രമാണ് പ്രവർത്തിച്ചത്. വിവിധ ഡിപ്പോകളിൽ നിന്നുള്ള ദീർഘദൂര സർവീസുകളുൾപ്പെടെ മുടങ്ങി. പലയിടത്തും ഗ്രാമീണ സർവീസുകൾ മാത്രമാണ് സുഗമമായി നടന്നത്. ചെയിൻ സർവീസുകളിൽ പകുതിയിലേറെയും പ്രവർത്തിക്കാനായില്ല. ഇതോടെ കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമടക്കമുള്ള യാത്രക്കാരും നട്ടംതിരിഞ്ഞു. സർവീസ് നടത്തിയ ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തൊടുപുഴ ഡിപ്പോയിൽ ആകെയുള്ള 56 സർവീസുകളിൽ 48ഉം മുടങ്ങി. ഹൈറേഞ്ചിലേക്കുള്ള സർവീസ് പൂർണമായും സ്തംഭിച്ചു.

എറണാകുളം,​ തിരുവനന്തപുരം തുടങ്ങിയ മേഖലകളിലേക്കുള്ള പല ബസുകളും ഓടിയില്ല. കട്ടപ്പന ഡിപ്പോയിൽ നിന്ന് രാവിലെ 15ഉം ഉച്ചകഴിഞ്ഞ് പത്തോളം സർവീസുകളും റദ്ദാക്കി. ആകെ 44 സർവീസുകളാണ് ഇവിടെ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്. തിരുവനന്തപുരം,​ എറണാകുളം എന്നിവിടങ്ങളിലേക്കുള്ള രണ്ടും അർത്തുങ്കൽ പള്ളിയിലേക്കുള്ള ഒന്നും ദീർഘദൂരസർവീസുകൾ റദ്ദാക്കി. കണ്ടക്ടർമാരുണ്ടെങ്കിലും ആവശ്യത്തിന് ഡ്രൈവർമാരില്ലാത്തതാണ് കട്ടപ്പനയിൽ സർവീസുകൾ മുടങ്ങാനിടയാക്കിയത്. ദിവസം ശരാശരി 40- 42 സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്ന ഡിപ്പോയാണ് കുമളി. എന്നാൽ ഇന്നലെ ഇവിടെ നിന്ന് 37 സർവീസുകൾ റദ്ദാക്കി. കോട്ടയം, തിരുവനന്തപുരം, എറണാകുളം സർവീസുകളാണ് ഭൂരിഭാഗവും മുടങ്ങിയത്. മൂന്നാർ കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിൽ നിന്ന് എട്ട് സർവീസുകൾ മുടങ്ങി. ആലപ്പുഴ, എറണാകുളം, തേനി, കുയിലുമല, മുനിയറ തുടങ്ങിയ മേഖലകളിലേക്കുള്ള സർവീസുകളാണ് മുടങ്ങിയത്. ആകെ 29 സർവീസുകളാണ് ഇവിടെ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്.

ശിവഗിരി ബസ് മുടങ്ങി

നെടുങ്കണ്ടത്ത് നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന 11 സർവീസുകളിൽ അഞ്ചെണ്ണം റദ്ദാക്കി. എറണാകുളം,​ കോട്ടയം,​ ശിവഗിരി എന്നിവിടങ്ങളിലേക്ക് പോകുന്ന ബസുകളാണ് ഓടാത്തത്. സമരം ചെയ്ത ജീവനക്കാർ വിവിധ ഡിപ്പോകളിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി.

സമരം ബാധിക്കാതെ മൂലമറ്റം

ജില്ലയിൽ സമരം കാര്യമായി ബാധിക്കാത്ത ഓപ്പറേറ്റിംഗ് സെന്റർ മൂലമറ്റാമാണ്. ഇവിടെ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ആകെയുള്ള 19 സർവീസുകളിൽ രണ്ടെണ്ണം മാത്രമാണ് റദ്ദാക്കിയത്. കൂമ്പാറയ്ക്കും കുമളിയ്ക്കും പോകുന്ന ഫാസ്റ്റ് പാസഞ്ചറും ഓർഡിനറിയുമാണ് മുടങ്ങിയത്.