തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സങ്കീർണ്ണമാകുന്ന സർക്കാർ ഉത്തരവ് പൂർണ്ണമായും പിൻവലിക്കുന്നില്ലെങ്കിൽ സമരം യു.ഡി.എഫ്. ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടുക്കി ജില്ലയിലെ കർഷകരുടെ പട്ടയം റദ്ദാക്കൽ നടപടിക്കെതിരെ ഇടുക്കി ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാറിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന ഉപവാസം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കേരളത്തിലെ മറ്റ് ജില്ലകളിലെ ജനങ്ങൾക്കുള്ള എല്ലാ അവകാശങ്ങളും ഇടുക്കിയിലെ ജനങ്ങൾക്കുമുണ്ടാകണം. പട്ടയം ലഭിക്കുന്ന വസ്തുവിൽ ഗാർഹിക വാണിജ്യ ആവശ്യങ്ങൾക്കായും, അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായും ഇതുവരെ നടന്ന നിർമ്മാണ പ്രവർത്തനങ്ങളെല്ലാം വിവിധ സർക്കാർ സ്ഥാപനങ്ങളുടെ അറിവോടെയും അനുവാദത്തോടെയും ആണ്. ഇതിൽ ഇടുക്കിയിൽ നടന്നത് മാത്രം നിയമവിരുദ്ധമാണെന്നാണ് ഇടതു സർക്കാർ സമീപനം. ജില്ലയോടുള്ള അവഗണനയാണ് ഇതിൽ നിന്നും വെളിവാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇടുക്കിയിലെ ജനജീവിതം തടവറക്കു തുല്യമാക്കുകയാണ് പിണറായി സർക്കാരെന്നും, ജില്ലയെ തുറന്ന ജയിൽ ആക്കി മാറ്റുവാനാണ് ശ്രമിക്കുന്നതെങ്കിൽ ശക്തമായി നേരിടുമെന്ന് കേരള കോൺഗ്രസ്സ് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. ഉപവാസ സമരത്തിനു അഭിവാദ്യം അർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കിയിൽ ഇനി ആശുപത്രികളോ, ആരാധനാലയങ്ങളോ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ സാധിക്കാതെ വന്നാൽ ജനം തെരുവിൽ ഇറങ്ങുമ്പോൾ സർക്കാർ മെഷിനറികൾക്ക് പ്രവർത്തിക്കാൻ സാധിക്കാതെ വരുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, , അഡ്വ. ഡീൻ കുര്യാക്കോസ് എം.പി., എം.ൽ.എ മാരായ മോൻസ് ജോസഫ് റോഷി അഗസ്റ്റിൻ, ഷാനിമോൾ ഉസ്മാൻ, അഡ്വ. സണ്ണി ജോസഫ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ. മണി , പീതാംമ്പരകുറുപ്പ് ., തിരുവന്തപുരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ശൂരനാട് രാജശേഖരൻ, ഇ.എം. ആഗസ്തി, റോയ് കെ പൗലോസ്, അഡ്വ. ജോയി തോമസ്, പ്രൊഫ. എം.ജെ. ജേക്കബ്, അഡ്വ. എസ്. അശോകൻ, പി.പി. സുലൈമാൻ റാവൂത്തർ, സി.പി. മാത്യു, എൻ.കെ പുരോഷത്തമൻ, ശ്രീമന്ദിരം ശശികുമാർ, തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം . ഇബ്രാഹിംകുട്ടി കല്ലാറിന് നാരങ്ങാ നീര് നൽകി കെ.സി. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.