തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന്റെ പൂട്ട് പൊളിച്ച് പ്രസിഡന്റ് ഉൾപ്പടെയുള്ളവരുടെ മുറികളിൽ മോഷണശ്രമം. ഇന്നലെ രാവിലെ ഓഫീസും പരിസരവും വൃത്തിയാക്കാനെത്തിയ ജീവനക്കാരിയാണ് കാര്യാലയത്തിന്റെ പ്രധാന ഗ്രില്ലിന്റെ പൂട്ട് തകർത്തതായി കണ്ടത്. ഉടൻതന്നെ അവർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ടിനെ വിവരമറിയിച്ചു. പ്രസിഡന്റ് അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ഓഫീസുകളുടെയും സമീപത്തുള്ള ഡയറി ഓഫീസിന്റെയും പൂട്ട് തകർത്ത് കള്ളൻ അകത്തു കയറിയതായി കണ്ടെത്തി. എന്നാൽ, ജീവനക്കാരിരിക്കുന്ന ഭാഗത്തേക്ക് പോയിട്ടില്ല. മേശയും അലമാരയുമൊക്കെ തുറന്നിട്ടുണ്ടെങ്കിലും വിലപിടിപ്പുള്ള സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. ലാപ്‌ടോപ്പിരുന്ന അലമാര തുറന്നില്ല. ഓഫീസ് കെട്ടിടത്തിന്റെ പണികൾ അടുത്ത കാലത്താണ് പൂർത്തിയായത്. അതിനാൽ, സി.സി.ടി.വി കാമറ സ്ഥാപിച്ചിരുന്നില്ല. രണ്ട് ദിവസത്തിനകം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനിരിക്കവെയാണ് മോഷണ ശ്രമമുണ്ടായതെന്ന് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് പറഞ്ഞു. തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.