തൊടുപുഴ: കരിങ്കുന്നം ഗവ. എൽ.പി സ്‌കൂളിലെ സസ്പെൻഷനിലായ പ്രധാന അദ്ധ്യാപിക പി.എസ്. ഗീത പി.ടി.എയ്ക്കും മേലുദ്യോഗസ്ഥർക്കുമെതിരെ ആരോപണങ്ങളുന്നയിച്ച് വാർത്താസമ്മേളനം നടത്തി. തൊടുപുഴ എ.ഇ.ഒ, ഡി.ഡി ഓഫീസിലെ സീനിയർ സൂപ്രണ്ട് സ്‌കൂളിലെ സഹ അദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവർക്കെതിരെയാണ് ആരോപണം. പി.ടി.എയുടെ അമിത ഇടപെടൽ സ്‌കൂളിനെ തകർക്കുകയാണ്. അവിടെ ചില ക്രമക്കേടുകൾ നടക്കുന്നുണ്ട്. ഇത് സീനിയർ സൂപ്രണ്ടടക്കമുള്ളവർക്ക് റിപോർട്ട് ചെയ്തിട്ടും നടപടിയുണ്ടായില്ല. തനിക്കെതിരെ പി.ടി.എയും അദ്ധ്യാപകരും ഉന്നയിച്ച പരാതികൾ സ്വീകരിച്ച് വിശദീകരണം ആരായാതെയാണ് സസ്‌പെൻഡ് ചെയ്തത്. ഹിയറിംഗിന് ഹാജരാകാൻ ഡി.ഡി ആവശ്യപ്പെട്ടിരുന്നു. അസൗകര്യമുള്ളതിനാൽ ഹാജരായില്ല. തന്റെ പ്രവർത്തന മികവിൽ അസൂയ പൂണ്ടവരാണ് തനിക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നത്. തനിക്കെതിരെ പി.ടി.എയുടെ നേതൃത്വത്തിൽ വീടുകൾ തോറും കയറിയിറങ്ങി തെറ്റിദ്ധാരണ പരത്തുകയാണ്. മേലുദ്യോഗസ്ഥർ സ്‌കൂളുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ ചെല്ലുമ്പോൾ തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായും ഇവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കരിങ്കുന്നം ഗവ. എൽ.പി സ്‌കൂളിലെ പ്രധാന അദ്ധ്യാപികയായിരുന്ന ഗീതയെ സസ്‌പെൻഡ് ചെയ്യുകയും ദിവസ വേതനക്കാരായ രണ്ട് അദ്ധ്യാപകരെ പുറത്താക്കുകയും ചെയ്തത്. തുടർന്ന് സ്‌കൂൾ പരിസരത്ത് കുട്ടികൾ കരഞ്ഞ സംഭവം വാർത്തയായിരുന്നു.
''കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നെന്ന രക്ഷിതാക്കളുടെയും അദധ്യാപകരുടെയും പരാതിയാണ് പ്രഥമ അദ്ധ്യാപികയ്ക്കെതിരെ നടപടിയെടുക്കാൻ കാരണം"
- എ.ഇ.ഒ