തൊടുപുഴ: നഗരസഭ പരിധിയിലും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും അനധികൃത മണ്ണെടുപ്പ് വ്യാപകമായി. ചില പൊലീസ് ഉദ്യോഗസ്ഥരാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് അടക്കംപറച്ചിൽ. പ്രകൃതിക്ക് കോട്ടം തട്ടുന്ന രീതിയിൽമണ്ണ് നീക്കം ചെയ്യൽ കർശനമായി നിരോധിച്ചിട്ടുണ്ട്. പ്രകൃതിയെ ദൂരവ്യാപകമായി ഇല്ലാതാക്കുന്ന മണ്ണെടുപ്പ് വിഷയത്തിൽ ഹൈക്കോടതി ഉൾപ്പടെയുള്ള വിവിധ കോടതികൾ വിവിധ ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുമുണ്ട് .സർക്കാരുകളുടെയും കോടതിയുടെയും നിയമ വ്യവസ്ഥകളെയെല്ലാം നോക്കു കുത്തിയാക്കിയാണ് നിയമ വിരുദ്ധമായ പ്രവർത്തികൾ നടത്തുന്നത്. പൊലീസുകാരിൽ ചിലർ നേരിട്ടാണ് മണ്ണെടുപ്പ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. മറ്റു ചിലർ ബിനാമി പേരിലുമാണ് ഇത് ചെയ്യുന്നത് . അനധികൃത മണ്ണെടുപ്പ് സംബന്ധിച്ച് ജില്ലയിലെ റവന്യു അധികാരികൾക്കും വ്യക്തമായി അറിയാമായിരുന്നിട്ടും അവരും എല്ലാത്തിനും കൂട്ട് നിൽക്കുകയാണ്. ഇത് സംബന്ധിച്ച് മുൻ കളക്ടർക്ക് പരാതി ലഭിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട തഹസീൽ ദാറിനോട് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ കളക്ടർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കളക്ടർ സ്ഥലം മാറിയതോടെ അന്വേഷണം "മരവിപ്പിച്ചു ". സ്വകര്യ വ്യക്തികൾ സ്വന്തം ആവശ്യത്തിന് വേണ്ടിയാണെങ്കിലും ഭൂമിയിൽ നിന്ന് മണ്ണെടുക്കണമെങ്കിൽ ജിയോളജി അന്റെ മൈനിങ്ങ് വകുപ്പിന്റെയും ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാരുടെയും സാക്ഷ്യ പത്രം ആവശ്യമാണെന്നിരിക്കെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ നിയമ വിരുദ്ധ പ്രവർത്തികൾ. ആലക്കോട്, വെള്ളിയാമറ്റം, തെക്കുംഭാഗം, കുമാര മംഗലം, പന്നിമറ്റം, ഇടവെട്ടി മണക്കാട്, കരിക്കോട് പ്രദേശങ്ങളിൽ നിന്നാണ് അനധികൃത മണ്ണെടുക്കൽ വ്യാപകമായി നടക്കുന്നത്.
പടിവാങ്ങാൻ പെട്രോളിംഗ്
പകൽ സമയങ്ങളിൽ ആളുകൾ പ്രശ്നമായി വരും എന്നതിനാൽ ചില സ്ഥലങ്ങളിൽ രാത്രി കാലങ്ങളിലാണ് മണ്ണെടുക്കൽ തകൃതിയായി നടക്കുന്നത്. ഇവിടെങ്ങളിൽ രാത്രി കാലങ്ങളിൽ പട്രോളിംഗിന് പോകുന്ന ചില പൊലീസ് ഉദ്യോഗസ്ഥർ വ്യാപകമായി പണം കൈപ്പിയാണ് മണ്ണെടുക്കാൻ മൗനാനുവാദം നൽകുന്നതെന്നും ആരോപണമുണ്ട്. പ്രദേശ വാസികൾ റവന്യു, തദ്ദേശ സ്ഥാപന അധികാരികളെ വിവരം അറിയിക്കുന്നുണ്ടെങ്കിലും രണ്ട് മൂന്ന് ദിവസങ്ങൾ മണ്ണെടുപ്പ് നിർത്തി വെക്കും. അത് കഴിഞ്ഞാൽ വീണ്ടും ഇത് തുടരും.